തിരുവനന്തപുരം: ശബരിമലയില്‍ അടുത്ത മണ്ഡലം-മകരവിളക്ക് മഹോത്സവത്തിനു വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചതായി ദേവസ്വം മന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു. ശബരിമല മാസ്റര്‍ പ്ളാന്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങളില്‍ ഏകോപനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മാളികപ്പുറത്ത് ഫ്ളൈഓവറും മരക്കൂട്ടത്ത് അണ്ടര്‍പാസും നിര്‍മിക്കും. ശബരിമലയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കും. ഇതിന്റെ നിര്‍മാണം ഓഗസ്റ് 10 ന് ആരംഭിച്ച് പതിനെട്ട് മാസംകൊണ്ടു പൂര്‍ത്തിയാക്കും. സ്വാമി അയ്യപ്പന്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തും. പമ്പ-സന്നിധാനം സമാന്തര പൈപ്പ്ലൈന്‍ പദ്ധതി സീസണുമുമ്പ് പൂര്‍ത്തിയാക്കും. ആവശ്യമുള്ളിടങ്ങളില്‍ സ്ഥിരം ബാരിക്കേഡുകള്‍ സ്ഥാപിക്കും.
സന്നിധാനത്ത് ആറു കോടി രൂപ ചെലവില്‍ രണ്ട് അന്നദാന മണ്ഡപങ്ങള്‍കൂടി നിര്‍മിക്കും. സന്നിധാനത്തെ ലോവര്‍ തിരുമുറ്റം രണ്ടു കോടി രൂപ ചെലവില്‍ നവീകരിക്കും. പൈപ്പ് ലൈനില്‍ നിശ്ചിത അകലത്തില്‍ ടാപ്പുകള്‍ സ്ഥാപിച്ച് ചുക്കുവെള്ളം വിതരണം ചെയ്യും. പമ്പ-മരക്കൂട്ടം ഭാഗത്ത് കൂടുതല്‍ ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കും. സന്നിധാനത്ത് കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പതിനായിരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യമാണ് ഇവിടെ ഒരുക്കുന്നത്. പാര്‍ക്കിംഗ് ഗ്രൌണ്ട്, റോഡുകള്‍, കുടിവെള്ളവിതരണ സംവിധാനം എന്നിവയുടെ പ്രവര്‍ത്തനങ്ങളാണു നടന്നു വരുന്നത്.
ചെക്ക് ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയായി. കണമല പാലത്തിന്റെ നിര്‍മാണം സീസണുമുമ്പ് പൂര്‍ത്തിയാക്കും. ശബരിമലയിലേക്കുള്ള റോഡുകളുടെ നവീകരണ ജോലികള്‍ സമയബന്ധിതമായി നടത്തും. മണ്ണാറക്കുളഞ്ഞി-ചാലക്കയം അമ്പത്തിമൂന്ന് കിലോ മീറ്റര്‍ റോഡിന്റെ ഹെവി മെയിന്റനന്‍സ് ജോലികളില്‍ ഇരുപത്തിമൂന്നു കിലോമീറ്റര്‍ പൂര്‍ത്തിയായി. ബാക്കി ഭാഗം സീസണുമുമ്പ് പൂര്‍ത്തിയാക്കും.
സീറോ വേസ്റ് ശബരിമല പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ യോഗം നിര്‍ദേശിച്ചു. ഈ പദ്ധതിക്കുവേണ്ടി പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പത്തനംതിട്ട, കോട്ടയം ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി. പമ്പ ആശുപത്രി മന്ദിരത്തിന്റെ ഒരു നില സീസണു മുമ്പ് പ്രവര്‍ത്തനക്ഷമമാക്കും. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കും. സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
എരുമേലിയിലെ തോട് നവീകരിക്കും. കെഎസ്ആര്‍ടിസി ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. സന്നിധാനത്ത് പുതിയ ഉണ്ണിയപ്പം പ്ളാന്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, അംഗം സുബാഷ് ബാസു, കമ്മീഷണര്‍ പി. വേണുഗോപാല്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യന്‍, ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ ഗോപിനാഥ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല, കെഎസ്ആര്‍ടിസി എംഡി: കെ.ജി. മോഹന്‍ലാല്‍, മറ്റ് ഉന്നതതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.












