ഹേമാംബിക
അധികാരം 22 – ഒപ്പുരവറിതല്‍
അന്യരുടെ ആവശ്യം കണ്ടറിഞ്ഞ് തക്കസമയത്ത് ഉപകാരം ചെയ്തുകൊടുക്കുക എന്നത് സദ്ഗുണങ്ങളില്‍വെച്ച് ഉത്തമമായ ഗുണമാണ്. സഹായമഭ്യര്‍ഥിച്ചുചെല്ലുന്നവരെപ്പോലും കയ്യൊഴിയുന്ന സ്വാര്‍ഥതാമനോഭാവത്തിനുടമകളെയാണ് ഇന്ന് സമൂഹത്തില്‍ കണ്ടുവരുന്നത്. അങ്ങനെയിരിക്കെ അന്യരുടെ സഹായാഭ്യര്‍ഥനക്കു മുമ്പുതന്നെ അവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്നവര്‍ വളരെ ചുരുക്കമാണ്. `ഒപ്പുരവറിതല്‍’ എന്ന ഇരുപത്തിരണ്ടാം അധികാരത്തില്‍ തിരുവള്ളുവര്‍ സജ്ജനധര്‍മമായ ഇത്തരം ഉപകരിക്കലിനെപ്പറ്റി വിവരിക്കുന്നു.
ഭൂമിയെ മഴപൊഴിച്ച് കുളിര്‍പ്പിക്കുന്ന മേഘങ്ങള്‍ക്ക് എന്തു പ്രത്യുപകാരമാണ് നാം ചെയ്യുന്നത്! യാതൊന്നും ചെയ്യുന്നില്ല. മേഘങ്ങളെപ്പോലെ സജ്ജനങ്ങള്‍ തങ്ങളുടെ കടമ ചെയ്യുന്നു. പ്രതിഫലം പ്രതീക്ഷിക്കാതെ തികച്ചും അര്‍ഹരായവര്‍ക്ക് ഉപയോഗിക്കുവാനാണ് ഒരുവന്‍ ഏറെ അധ്വാനിച്ചുവച്ചിട്ടുള്ള സമ്പത്ത് ഉപയോഗിക്കേണ്ടത്. സ്വാര്‍ഥതാല്പര്യങ്ങള്‍ക്കുവേണ്ടി മാത്രം വിനിയോഗിക്കാതെ കഷ്ടപ്പെടുന്ന അര്‍ഹരായ ആളുകളെ സഹായിക്കുവാന്‍ ആ സമ്പത്ത് വിനിയോഗിക്കുന്നത് ഏറ്റവും മഹത്തായ ധര്‍മം തന്നെയാണ്. ഭൂമിയിലും സ്വര്‍ലോകത്തിലും ഉപകാരം ചെയ്യല്‍ എന്നതിനേക്കാള്‍ മഹത്തായ മറ്റൊരു കര്‍മവുമില്ല. ലോകഗതിക്ക് അനുയോജ്യമായി തന്നാല്‍ കഴിയുന്ന ഉപകാരങ്ങള്‍ സ്വയം അറിഞ്ഞ് ചെയ്യുന്നവന്‍ മാത്രമാണ് യഥാര്‍ഥത്തില്‍ ജീവിക്കുന്നവന്‍. അങ്ങനെയല്ലാത്തവന്‍ ജീവനോടെയുണ്ടെങ്കിലും മരിച്ചുപോയ ഒരുവനായി മാത്രമേ കണക്കാക്കപ്പെടുകയുള്ളൂ.
ലോകനക്കക്ക് തനിക്കു ചെയ്യാന്‍ പറ്റുന്ന ഉപകാരങ്ങള്‍ താല്പര്യപൂര്‍വം ചെയ്യുന്ന ഉദാരമതികളായ വിവേകികളുടെ ഐശ്വര്യസമ്പത്ത് നിറഞ്ഞു കവിഞ്ഞ ജലാശയം പോലെ ഒന്നിനൊന്ന് അഭിവൃദ്ധിപ്പെട്ടുവരുന്നു. ഗ്രാമവാസികളുടെ ആശ്രയമായ കുളം ഗ്രാമീണര്‍ക്ക് വെള്ളം കൊടുക്കുന്തോറും വീണ്ടും വീണ്ടും നിറഞ്ഞുകവിയുന്നതുപോലെയാണ് ഉദാരമതികളുടെ സമ്പത്ത് വര്‍ധിക്കുന്നത് എന്നര്‍ഥം. ഉപകാരിയും ഉദാരമതിയുമായ ഒരുവന്റെ കയ്യില്‍ സമ്പത്തുണ്ടാകുമെങ്കില്‍ അത് ഗ്രാമമധ്യത്തില്‍ മധുരഫലങ്ങള്‍ നിറഞ്ഞ് പഴുത്തുപാകമായി നില്‍ക്കുന്ന ഫലവൃക്ഷം പോലെയായിരിക്കും. എല്ലാ ഗ്രാമവാസികള്‍ക്കും അത് ഭക്ഷണവും തണലും നല്‍കുന്നു. ഉപകാരിയായ ദാനശീലന്റെ കയ്യിലുള്ള സമ്പത്ത് ഏതുഭാഗവും ഔഷധമായി ഉപയോഗിക്കുവാന്‍ തക്ക ഗുണമുള്ള സര്‍വരോഗനിവാരണിയായ ഔഷധവൃക്ഷത്തെപ്പോലെ ഒരംശവും ബാക്കിയില്ലാതെ അങ്ങേയറ്റം പ്രയോജനപ്പെടുന്നു.
തങ്ങളുടെ കടമകളെക്കുറിച്ചു ബോധ്യമുള്ള ലോകജ്ഞാനികളായ ഗുണവാന്മാര്‍ ഇല്ലായ്മയിലും തനിക്കു പറ്റുന്നവിധം ഉപകാരം ചെയ്യുന്നതില്‍ വിമുഖത കാണിക്കുകയില്ല. ഉള്ളപ്പോള്‍ ഉദാരമായി ഉപകാരങ്ങള്‍ ചെയ്തിരുന്ന ഒരുവന്‍ തനിക്ക് സാമ്പത്തികബുദ്ധിമുട്ടുകള്‍ വന്നു ചേരുമ്പോള്‍ തന്റെ ദാരിദ്ര്യ ദുഃഖതത്തേക്കാള്‍, തനിക്കു പഴയതുപോലെ ഉപകാരങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നില്ലല്ലോ എന്ന മനോവ്യഥയായിരിക്കും അനുഭവിക്കുന്നത്. ഉദാരമതിയായ ഒരുവന് സാമ്പത്തികമായ അധഃപതനം സംഭവിച്ചുപോയാല്‍ തന്നെത്തന്നെ വിറ്റിട്ടായാലും തന്റെ കടമ നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്യുന്നവന്റെ കീര്‍ത്തി എക്കാലവും വാഴ്ത്തപ്പെടും.
ഇങ്ങനെ പ്രത്യുപകാരം ആഗ്രഹിക്കാതെ തന്റെ കടമനിര്‍വഹിക്കുന്ന മഹാന്മാരെ തിരുവള്ളുവര്‍ ഈ അധികാരത്തിലൂടെ വാഴ്ത്തുന്നു. ആത്മത്യാഗം ചെയ്തും മറ്റുള്ളവരെ രക്ഷിച്ച പാരമ്പര്യം നമുക്കുണ്ട്. എന്നാല്‍ സ്വാര്‍ഥതയും അത്യാര്‍ത്തിയും നടമാടുന്ന ഇക്കാലത്ത് പ്രത്യുപകാരം കാംക്ഷിച്ച് ഉപകാരം ചെയ്യുന്നവര്‍ ചിലപ്പോള്‍ കണ്ടേയ്ക്കാം. എന്നാല്‍ പ്രതിഫലേച്ഛയില്ലാതെ തന്നെ തന്നാലാവുംവിധം മറ്റുള്ളവരെ സഹായിക്കുവാനുള്ള സന്മനസ്സ് വളര്‍ത്തിക്കൊണ്ടുവരുവാന്‍ നാം ശ്രമിക്കുക. അവരാണ് സമ്പത്തിന്റെ യഥാര്‍ഥ അധികാരി.
Discussion about this post