സോള്‍: ഉത്തര കൊറിയ വീണ്ടും ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ദക്ഷിണ കൊറിയ പ്രസിഡന്റ് ലി മ്യൂങ് ബാക്കിന്റെ മുന്നറിയിപ്പ്. ഒപ്പം, യോന്‍പ്യോങ് ദ്വീപില്‍ ഉത്തര കൊറിയ കഴിഞ്ഞ ദിവസം നടത്തിയ ഷെല്‍ ആക്രമണത്തെ അദ്ദേഹം ശക്‌തമായി അപലപിച്ചു. ആക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നടപടി വൈകിയതില്‍ പ്രസിഡന്റ് ജനത്തോട് മാപ്പ് ചോദിച്ചു. നഷ്‌ടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനത്തിനു നേരെയുള്ള സൈനികാക്രമണം മനുഷ്യത്വത്തിനെതിരായ ക്രൂരതയാണ്. യുദ്ധങ്ങളില്‍ പോലും ഇത് നിരോധിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്‌തമാക്കി.
ഇതിനിടെ, കൊറിയന്‍ സമാധാനം ലക്ഷ്യമിട്ടുള്ള ആറുരാജ്യ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നു ചൈനയുടെ നിര്‍ദേശം പ്രസിഡന്റ് ലി മ്യൂങ്‌തള്ളി. ഉത്തര കൊറിയയുമായി നല്ലബന്ധം നിലനിര്‍ത്തുന്ന രാജ്യമാണ് ചൈന. ഇരു കൊറിയകള്‍ക്കും ചൈനയ്‌ക്കും യുഎസിനും പുറമേ റഷ്യയും ജപ്പാനുമാണ് ആറുരാജ്യ ചര്‍ച്ചയിലെ അംഗങ്ങള്‍. വിഫലമെന്നു പ്രഖ്യാപിച്ച് രണ്ടുവര്‍ഷം മുന്‍പ് ഉത്തര കൊറിയ പിന്മാറിയതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. ഈ മാസം 23ന് ആണ് മഞ്ഞക്കടലിലെ യോന്‍പ്യോങ് ദ്വീപില്‍ ഒരു മണിക്കൂര്‍ നീണ്ട ആക്രമണമുണ്ടായത്. ഇതില്‍ രണ്ടു സൈനികരടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്. 1950-53 കാലഘട്ടത്തിനു ശേഷമുള്ള ശക്‌തമായ ഷെല്ലാക്രമണമായിരുന്നു ഇത്.
Discussion about this post