ബാംഗളൂര്‍: എതിരാളികളുടെ മോഹം മോഹമായിത്തന്നെ അവശേഷിപ്പിച്ച് മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ച കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ചലച്ചിത്രരംഗത്തും പരീക്ഷണത്തിനൊരുങ്ങുന്നു. സ്വാമി അയ്യപ്പനെക്കുറിച്ചു മലയാളിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഭൂലോക രക്ഷകന്‍ എന്ന സിനിമയിലാണ് രാഷ്‌്‌്‌ട്രീയത്തിലെ അടവുകളും നയങ്ങളുംകൊണ്‌ടു ശ്രദ്ധേയനായ യെദിയൂരപ്പയുടെ രംഗപ്രവേശം.
ശബരിമല അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദമാണ് ഈ ചിത്രത്തിന്റെ കഥാതന്തു. മതസൗഹാര്‍ദവും ലോകസമാധാനവുമാണ് ചിത്രത്തിലൂടെ ലക്ഷ്യമിട്ടിട്ടുള്ള സന്ദേശം. 18 ഇന്ത്യന്‍ ഭാഷകളിലും 17 വിദേശ ഭാഷകളിലുമായി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടന്നു. കഴിഞ്ഞ മാസം എട്ടിന് യെദിയൂരപ്പ കണ്ണൂര്‍ ജില്ലയിലെ മാടായിക്കാവ് ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ ചലച്ചിത്രം സംബന്ധിച്ചു സംവിധായകന്‍ വിജീഷുമായി വിശദമായ ചര്‍ച്ച നടന്നിരുന്നുവത്രെ.
സിനിമയുടെ ആദ്യരംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞമാസം നടന്നു. ശബരിമല, മൈസൂര്‍കൊട്ടാരം, കൈലാസ മാനസസരോവര്‍, ഒമാന്‍ എന്നിവിടങ്ങളാണ് ചിത്രീകരണസ്ഥലങ്ങള്‍. അയ്യപ്പഭക്തന്‍കൂടിയായ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും നിരവധി ക്രിക്കറ്റ് താരങ്ങളും പുതുമുഖ ചലച്ചിത്രതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്‌ട്. അതേസമയം, യെദിയൂരപ്പ സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത വെറും അഭ്യൂഹം മാത്രമാണെന്നാണ് ബാംഗളൂരിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
Discussion about this post