തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ഇടക്കാല കെട്ടിടം തിരൂര്‍ തുഞ്ചന്‍ സര്‍ക്കാര്‍ കോളേജില്‍ ജൂലൈ 13-ന് രാവിലെ പത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സാസ്‌കാരിക മന്ത്രി കെ.സി. ജോസഫ്, ജില്ലയിലെ മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സി. മമ്മൂട്ടി എം.എല്‍.എ, സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍ എന്നിവര്‍ അറിയിച്ചു.
ജൂലായ് ഇരുപതിനകം അധ്യാപക നിയമനം പൂര്‍ത്തിയാക്കും. മൂന്ന് പ്രൊഫസര്‍മാരെയും നാല് അസോസിയേറ്റ് പ്രൊഫസര്‍മാരെയും പതിനഞ്ച് അസിസ്റ്റന്റ് പ്രൊഫസര്‍മാരെയുമാണ് നിയമിക്കുന്നത്. 25-നകം വിദ്യാര്‍ത്ഥി പ്രവേശനം പൂര്‍ത്തിയാക്കും. 29-ന് ക്ലാസുകള്‍ ആരംഭിക്കും. അഞ്ച് ബിരുദാനന്തര ബിരുദ കോഴ്‌സുകളാണ് ഈ വര്‍ഷം ആരംഭിക്കുന്നത്. ഭാഷാശാസ്ത്രം, മലയാള സാഹിത്യപഠനം, സാഹിത്യരചന, മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, സാംസ്‌കാരിക പഠനം എന്നിവയാണ് ആരംഭിക്കുന്നത്. സാംസ്‌കാരിക പഠനം ഒഴികെയുള്ളവയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇരുപത് പേര്‍ക്കാണ് ഒരു കോഴ്‌സില്‍ പ്രവേശനം. പതിനായിരം ചതുരശ്ര അടിയില്‍ 1.75 കോടി ചെലവില്‍ അഞ്ച് ക്ലാസ് മുറികളുള്ള കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. വൈസ്ചാന്‍സലറുടെ ആസ്ഥാനം, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവയാണ് കെട്ടിടത്തിലുള്ളത്. സര്‍വകലാശാലയ്ക്ക് സ്വന്തമായി സ്ഥലം ഏറ്റെടുത്തതിന് ശേഷം നിലവിലുള്ള കെട്ടിടവും സൗകര്യങ്ങളും തുഞ്ചന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജിന് കൈമാറും.
Discussion about this post