കൊച്ചി: പൊതുനിരത്തില്‍ പൊതുയോഗം നിരോധിച്ചതിനെതിരെ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ കേസ് നേരിടുന്ന സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ ഹൈക്കോടതിയില്‍ ഹാജരായി. കോടതിയെ യാതൊരു തരത്തിലും വിമര്‍ശിച്ചിട്ടില്ലെന്ന് ജയരാജന്‍ ഹൈക്കോടതി മുമ്പാകെ ബോധിപ്പിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ കോടതി ജയരാജനോട് നിര്‍ദ്ദേശിച്ചു. കേസ് ഡിസംബര്‍ എട്ടിന് വീണ്ടും പരിഗണിക്കും.
പൊതുനിരത്തിലും പാതയോരത്തും യോഗങ്ങള്‍ നിരോധിച്ച ന്യായാധിപരെയും വിധിയെയും വിമര്‍ശിച്ച ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതി അലക്ഷ്യ കേസിലാണ് ജസ്റ്റിസ് എ. കെ ബഷീര്‍, ജസ്റ്റിസ് പി.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് മുമ്പാകെ നേരിട്ട് ഹാജരായത്. നേരിട്ട് ഹാജരാകാനായി കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കണ്ണൂരില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന യോഗത്തിലെ ജയരാജന്റെ പ്രസ്‌താവന തെളിയിക്കപ്പെട്ടാല്‍ കോടതിയലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയ ജസ്റ്റിസ് പയസ് സി.കുര്യാക്കോസ് പ്രഥമദൃഷ്‌ട്യാ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് കേസ് ഡിവിഷന്‍ ബെഞ്ചിനോട് പരിഗണിക്കാന്‍ ആവശ്യപ്പെട്ടത്. കേസ് വാദിക്കുന്നതിന് അഭിഭാഷകന്‍ വേണമോയെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post