ന്യൂദല്‍ഹി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനും ഭാര്യയും കോണ്‍ഗ്രസ് വിട്ടു. ഇരുവരും പാര്‍ലമെന്ററി സ്ഥാനങ്ങളും രാജിവച്ചു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ജഗന്‍ മോഹന്‍ ഹൈദരാബാദില്‍ പറഞ്ഞു.
ആന്ധ്രാ കോണ്‍ഗ്രസില്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിമത നീക്കം നടത്തി വരികയായിരുന്നു ജഗന്‍മോഹന്‍ റെഡ്ഡി. പാര്‍ട്ടിയില്‍ നിന്നും ലോക്‍സഭയില്‍ നിന്നും രാജി വയ്ക്കുന്നതായുള്ള കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ജഗന്‍ മോഹന്‍ നല്‍കി. എം;പി സ്ഥാനം രാജിവയ്ക്കുന്ന കത്ത് ലോക്‍സഭാ സ്പീക്കര്‍ മീരാകുമാറിനും അയച്ചിട്ടുണ്ട്.
കടപ്പയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ജഗന്‍. അമ്മ വൈ.എസ് വിജയലക്ഷ്മി എം.എല്‍.എ സ്ഥാനവും രാജി വച്ചു. പുലിവണ്ടുല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു അവര്‍. വൈ.എസ് രാജശേകര റെഡ്ഡിയുടെ മരണത്തെത്തുടര്‍ന്ന് തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ജഗന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിരുന്നില്ല. വൈ.എസ് ആറിന്റെ സഹോദരന്‍ വൈ.എസ് വിവേകാനന്ദ റെഡ്ഡിയെ മന്ത്രിയാക്കുന്നുവെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. തന്റെ അച്ഛന്റെ കീര്‍ത്തി ഉപയോഗിച്ച് കോണ്‍ഗ്രസ് നേട്ടം ഉണ്ടാക്കുകയാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ പാര്‍ട്ടി അവഗണിച്ചതായും ജഗന്‍മോഹന്‍ രാജിക്കത്തില്‍ വിമര്‍ശിക്കുന്നു.
കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും ലോക്‌സഭാ അംഗത്വത്തില്‍ നിന്നും താന്‍ രാജിവെക്കുന്നതായും കഴിഞ്ഞ 14 മാസമായി എ.ഐ.സി.സി തന്നെ നിരന്തരമായി അപമാനിക്കുകയായിരുന്നുവെന്നും സോണിയാ ഗാന്ധിക്കയച്ച അഞ്ചു പേജുള്ള കത്തില്‍ ജഗന്‍മോഹന്‍ പറയുന്നു.
തനിക്കര്‍ഹമായ ബഹുമാനം പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും അന്തരിച്ച തന്റെ പിതാവിന്റെ പാരമ്പര്യം തന്നില്‍ നിന്ന് തട്ടിയെടുത്തുവെന്നും രാജിക്കത്തില്‍ ആരോപിക്കുന്നു. സാക്ഷി ടിവി സ്വതന്ത്ര മാധ്യമസ്ഥാപനമാണന്നും ചാനലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ തന്നെ മുറിവേല്‍പ്പിച്ചുവെന്നും ജഗന്‍ വ്യക്തമാക്കി. താനും തന്നെ അനുകൂലിക്കുന്നവരും ഉടന്‍ തന്നെ പാര്‍ട്ടി വിടുമെന്ന് മുന്ന് ദിവസം മുമ്പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജഗന്‍മോഹന്‍ വ്യക്തമാക്കിയിരുന്നു. പുതിയ പാര്‍ട്ടി രുപീകരിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ നടപടിയാണ് ജഗന്‍മോഹന്റെ രാജി.
പ്രധാനമന്ത്രി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരിപാടികള്‍ ജഗന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ജഗന്‍ വിമത പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമായ ജയ്‌പാല്‍ റെഡ്ഡി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post