കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേയ്ക്ക് മറിഞ്ഞു. 27 പേര്‍ക്ക് പരിക്ക്. തട്ടേക്കാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. ഭൂതത്താന്‍കെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയായ പാടത്ത് വെള്ളം കുറവായിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. രാവിലെ 7.10 ഓടെയായിരുന്നു അപകടം. കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ നിന്നും അങ്കമാലിക്ക് പോകുകയായിരുന്ന എല്‍ദോസ് ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന് വേഗത കുറവായിരുന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. അമ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. നാട്ടുകാരും, കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന യാത്രക്കാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തു. പരിക്കേറ്റവരെ കോതമംഗലത്തെ സെന്റ് ജോസഫ്, ബസേലിയോസ് എന്നീ ആശുപത്രികളിലെത്തിച്ചു. ഉരുളന്‍ തണ്ണി സ്വദേശികളായ ചെമ്പറമ്പില്‍ ഷിനോജ് (27), പേണാട്ട് സിജു (32), പാലക്കുന്നേല്‍ ജിനൂപ് (30), ഞായപ്പിള്ളി സ്വദേശികളായ കുളങ്ങാട്ടില്‍ ഷൈന്‍ തോമസ് (40), വട്ടക്കുഴി ഷിനു ബേബി (36), തടിയാനാനിയ്ക്കല്‍ കുര്യന്‍ (50), പിണവൂര്‍ക്കുടി സ്വദേശികളായ പുല്ലാട്ട് മുകളേല്‍ സുബാഷ് (36), പടാളില്‍ സജീവന്‍ (43), മുക്കുശേരിയില്‍ പീതാംബരന്‍ (42), കലമറ്റത്തില്‍ ശശി (40), ബൈസന്‍ വാലി വയല്‍പ്പറമ്പില്‍ വര്‍ഗീസ് (72), സത്രപ്പടി എടപ്പാറ ഷിബു (37), പയ്യാല്‍ എലഞ്ഞിയാനിക്കാട്ട അഗസ്റ്യന്‍ (58), കുട്ടമ്പുഴ പുറ്റാലില്‍ റോയി സെബാസ്റ്റ്യന്‍ (42), ഏറ്റുമാനൂര്‍ ഓലുകാവില്‍ ചിന്നമ്മ (75), സത്രപ്പടി ഏളമ്പുരയിടം ജോഷി (32), അല്ലപ്ര കണ്ണാടന്‍ പൌലോസ് (50) എന്നിവരെ കോതമംഗലം സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റുള്ളവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post