തിരുവനന്തപുരം: സംസ്ഥാനത്ത്, പൊതുമേഖലയിലെ ആദ്യത്തെ കടാവര്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. രണ്ടാംഘട്ടമായി മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ ആധ്യക്ഷം വഹിക്കുകയായിരുന്നു മന്ത്രി. ട്രാന്‍സ്പ്ലാന്റ് ബയോളജിസ്റ്റുകള്‍, സര്‍ജന്മാര്‍, അനസ്‌തേഷ്യോളജിസ്റ്റുകള്‍, പാത്തോളജിസ്റ്റ്, നഴ്‌സിംഗ്-പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ മുതലായവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ സംവിധാനമാണ് യൂണിറ്റില്‍ ഏര്‍പ്പെടുത്തുക. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 28 കോടി രൂപയുടെ മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലാബിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് ആദ്യവാരം നടത്തും.
ആരോഗ്യമേഖലയുടെ അടിസ്ഥാന ഗവേഷണരംഗത്തെ സുപ്രധാന നാഴികക്കല്ലായ ഈ റിസര്‍ച്ച് ലാബില്‍ മോഡേണ്‍ ആനിമല്‍ ഹൗസ് സൗകര്യവും ഏര്‍പ്പെടുത്തും. ജെറിയാട്രിക് കോംപ്ലക്‌സ്, മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു, പോളിട്രോമാ യൂണിറ്റ്, മോഡേണ്‍ മോര്‍ച്വറി എന്നിവയടങ്ങുന്ന 26 കോടി രൂപയുടെ മറ്റൊരു ബൃഹത് പദ്ധതിയും പ്രാരംഭഘട്ടത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. 80 കോടി രൂപയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന ഈ പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ 20 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. മെഡിക്കല്‍ കോളേജിന്റെ അത്യാഹിതവിഭാഗം 4 കോടി രൂപ ചെലവില്‍ വികസിപ്പിക്കും. പോസ്റ്റ് ഗ്രാജ്വേറ്റ് ആന്റ് റസിഡന്റ്‌സ് ഹോസ്റ്റല്‍ 4 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കും. ഇവയുടെ പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, ഡി.എം.ഇ: ഡോ. വി. ഗീത, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ഡോ. കെ.ആര്‍. വിനയകുമാര്‍, സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മനോജ് പിള്ള, എസ്.എ.ടി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശരവണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post