തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് പരിസ്ഥിതി അനുമതി നല്കുന്നതിനെതിരേ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് പരാതി പ്രവാഹം. ഹിയറിംഗിനുശേഷം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയതിനു പിന്നാലെയാണ് പരാതികള്‍ എത്തി തുടങ്ങിയത്. വിഴിഞ്ഞം തുറമുഖപദ്ധതി അട്ടിമറിക്കാന്‍ തുടക്കത്തിലേ തന്നെ ഹോട്ടല്‍ ലോബികള്‍ രംഗത്തെത്തിയിരുന്നു. സാങ്കേതിക വിദഗ്ധര്‍, സന്നദ്ധസംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവരാണ് പരാതി നല്‍കിയിട്ടുള്ളത്. പദ്ധതിയുടെ ഒന്നാംഘട്ടത്തിനുവേണ്ടിയാണ് പരിസ്ഥിതി അനുമതി തേടിയിട്ടുള്ളത്.അതേസമയം വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നവരില്‍ ബഹുഭൂരിഭാഗം അന്യജില്ലകളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നുമെത്തി ഹോട്ടലോ അനുബന്ധ വ്യവസായ സംരഭങ്ങളോ നടത്തുന്നവരാണെന്നത് ശ്രദ്ധേയമാണ്.
കടല്‍തീരവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ വിദഗ്ധര്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍, നാട്ടില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ എന്നിവയുടെ പേരിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതികള്‍ അയച്ചുകൊണ്ടിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ കമ്പനി 900 പേജുള്ള പരസ്ഥിതി റിപ്പോര്‍ട്ടാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചുകൊടുത്തത്. ഇതിനൊപ്പം തീരദേശത്തിന്റെ വിവിധ വീഡിയോ ദൃശ്യങ്ങള്‍, മത്സ്യത്തൊഴിലാളി മേഖലയുടെ ദൃശ്യങ്ങള്‍ എന്നിവയും അനുബന്ധമായി നല്കിയിട്ടുണ്ട്. കടല്‍തീരത്തെ പ്രത്യേക സാമ്പത്തികമേഖല സംബന്ധിച്ച കേസിനായി സെസ് നടത്തിയ പഠന റിപ്പോര്‍ട്ടുകളാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്കിയിട്ടുള്ളതില്‍ പ്രധാനപ്പെട്ടവ.
വിഴിഞ്ഞം കടലില്‍ വ്യത്യസ്തമായ അലങ്കാരമത്സ്യങ്ങള്‍ കൂടുതലുണ്ടെന്നതാണ് റിപ്പോര്‍ട്ടിലെ ജലജീവികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പ്രധാനപ്പെട്ടവ. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷനാണ് തുറമുഖത്തിനെതിരേ ശക്തമായ നിലപാടുമായി രംഗത്തുള്ളത്. ഹോട്ടല്‍മേഖലയെ തുറമുഖ പദ്ധതി കാര്യമായി ബാധിക്കുമെന്നാണ് അവരുടെ വാദം. കടല്‍ നികത്തുന്നത് മറ്റു സ്ഥലങ്ങളില്‍ കരയെടുക്കാന്‍ കാരണമാകുമെന്ന വാദവുമായാണ് പരിസ്ഥിതി സംഘടനകള്‍ രംഗത്തുവന്നിട്ടുള്ളത്. പുലിമുട്ടു നിര്‍മാണം കടലാക്രമണത്തിന് ഇടയാക്കുമെന്നും അവര്‍ വാദിക്കുന്നു. 66 ഹെക്ടര്‍ കടല്‍ നികത്താനായി കല്ലുംമണ്ണും എടുക്കുന്നമലയോര മേഖലയുടെ പരിസ്ഥിതി പഠിച്ചില്ലെന്നതാണ് വേറൊരു വാദം. തുറമുഖം വരുന്നതോടെ കപ്പല്‍ചാലില്‍ അടിയുന്ന മണ്ണ് നീക്കംചെയ്യേണ്ടിവരുമെന്നും ഇത് തുറമുഖം നഷ്ടത്തിലാകാന്‍ കാരണമാകുമെന്നും കോസ്റ്റല്‍വാച്ച് എന്ന സംഘടന വാദിക്കുന്നു. ഇക്കാരണത്താലൊക്കെ നഷടം വരുന്നതിനാല്‍ പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്കരുതെന്നാണ് സംഘടന നല്കിയ പരാതി. മണ്‍സൂണ്‍ കാലത്ത് കൊല്ലം ഭാഗത്തു നിന്ന് കന്യാകുമാരി ഭാഗത്തേക്കാണ് കടലൊഴുക്ക്. ആഴക്കൂടുതലുള്ള കടലിന്റെ അടിത്തട്ടും ശക്തമായ കടലൊഴുക്കും കാരണം ഈ ഭാഗത്തെ കടലില്‍ മത്സ്യം വന്നടിയുന്നത് കേരളത്തിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ തീരെ കുറവാണ്. അതിനാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളും കൂടുതലായി ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുകയാണ്.
വിഴിഞ്ഞം തുറമുഖത്തിനൊപ്പം പുതിയ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ വരുന്നതോടെ എല്ലാസീസണിലും മത്സ്യബന്ധനത്തിന് പോകാന്‍ കഴിയുന്നതിനാല്‍ മത്സ്യതൊഴിലാളികളില്‍ വലിയൊരു ഭാഗവും പദ്ധതിയോട് അനുകൂല മനോഭാവം പുലര്‍ത്തുകയാണ്. വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട്കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി ലഭിക്കുമ്പോള്‍ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനങ്ങളും പ്രവഹിക്കുകയാണ്. തുറമുഖത്തിന് അനുകൂലമായി വാദിക്കുന്നവരില്‍ മുന്നില്‍ മത്സ്യബന്ധന മേഖലയില്‍ നിന്നുള്ള സംഘടനകളാണ്.പരമ്പരാഗത മത്സ്യബന്ധനത്തില്‍ നിന്നുമാറുന്നതോടെ കടലോര മേഖലയിലുള്ളവരുടെ സാമ്പത്തിക ഉന്നമനമാണ് സംഘടനകള്‍ ലക്ഷ്യമാക്കുന്നത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ 105 ദിവസത്തിനകം അനുകൂലമായോ പ്രതികൂലമായോ തീരുമാനം പ്രഖ്യാപിക്കേണ്ടതാണ്. എന്നാല്‍ കൂടുതല്‍ പരാതി പ്രവാഹമുണ്ടായാല്‍ അതിനെല്ലാം മറുപടി ലഭിച്ചശേഷമാകും പരിസ്ഥിതി സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിക്കുക.
Discussion about this post