ബാംഗളൂര്‍: ബാംഗളൂര്‍-ഹൈദാരബാദ് എയര്‍ ഇന്ത്യാ വിമാനത്തിന്റെ കോക്പിറ്റില്‍ പ്രവേശിക്കാനും ഒബ്സര്‍വര്‍ സീറ്റില്‍ യാത്ര ചെയ്യാനും നടി നിത്യാ മേനോനെ അനുവദിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണ വിധേയമായി രണ്ടു പൈലറ്റുമാരെയും എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയ മുഖ്യപൈലറ്റ് ജഗന്‍മോഹന്‍ റെഡ്ഡി, സഹ പൈലറ്റ് എസ്. കിരണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ആന്ധ്രാ സ്വദേശിയായ ജഗന്‍മോഹന്‍ റെഡ്ഡി പൈലറ്റ് അസോസിയേഷന്‍ നേതാവാണ്. വ്യോമയാന ഡയറക്ടറേറ്റിലെ പരിശോധകര്‍ക്കും ട്രെയ്നി പൈലറ്റുകള്‍ക്കും വ്യോമ ഗതാഗത നിരീക്ഷകര്‍ക്കും മാത്രം അനുവദിച്ചിട്ടുള്ള നിരീക്ഷണ സീറ്റിലായിരുന്നു നിത്യയുടെ യാത്ര. വിദഗ്ധ പരിശീലനം ലഭിക്കാത്തവര്‍ കോക്പിറ്റില്‍ പ്രവേശിക്കുന്നതും യാത്ര ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. 2011 സെപ്റ്റംബറിലെ തീവ്രവാദി ആക്രമണത്തിനുശേഷമാണു നിയന്ത്രണം കര്‍ശനമാക്കിയത്. ഗുരുതരമായ സുരക്ഷാ വീഴ്ച സംബന്ധിച്ച് വിമാനത്തിലുണ്ടായിരുന്ന മുതിര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരനായ ശാസ്ത്രജ്ഞന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. നിര്‍മാതാക്കളുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് മലയാള സിനിമകളില്‍ അഭിനയിക്കുന്നതില്‍നിന്നു നിത്യാ മേനോന് പ്രൊഡൂസേഴ്സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നിത്യയെ സഹായിക്കാന്‍ താരസംഘടനയായ അമ്മ രംഗത്തെത്തിയതോടെയാണ് നടി സിനിമയില്‍ വീണ്ടും സജീവമായത്.













Discussion about this post