ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് വരെ അധ്യക്ഷനായി തുടരാന്‍ അനുവദിക്കണമെന്ന രമേശിന്റെ ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. ഉപമുഖ്യമന്ത്രി പദവിയും വകുപ്പും സംബന്ധിച്ച് തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ ചേരേണ്ടെന്ന് രമേശ് തീരുമാനിക്കുകയായിരുന്നു. അപമാനിതനാകാനില്ലെന്ന രമേശിന്റെ വാദം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. താന്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ എന്തെങ്കിലും പ്രതികരണം നടത്താന്‍ അദ്ദേഹം തയാറായതുമില്ല. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കി പുനഃസംഘടനാ പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിന് നേരത്തേ തിരിച്ചടിയേറ്റിരുന്നു. ഉപമുഖ്യമന്ത്രി പദവിയുണ്െടങ്കില്‍ അതു വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ച വേണ്െടന്ന് മുസ്ലിം ലീഗ് തീരുമാനിച്ചതോടെയാണ് രമേശിന് ഉപമുഖ്യമന്ത്രി പദം എന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല പാളിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞ അഭിപ്രായങ്ങള്‍ സോണിയ ഗാന്ധി കേട്ടു. എന്നാല്‍ എന്തെങ്കിലും നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ അവര്‍ തയാറായിരുന്നില്ല. മന്ത്രിസഭയിലേക്കില്ലെന്ന മുന്‍ നിലപാട് രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയോട് ആവര്‍ത്തിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തി. രമേശ് മന്ത്രിയാകാനില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഐ ഗ്രൂപ്പും ആവര്‍ത്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കാനാണ് രമേശ് ആഗ്രഹിക്കുന്നത്. മന്ത്രിസഭയുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ പുതിയതായി ആരും മന്ത്രിസഭയിലേക്ക് വരേണ്ട ആവശ്യമില്ലെന്നും ഐ ഗ്രൂപ്പ് വ്യക്തമാക്കുന്നു.
Discussion about this post