ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ വി ദക്ഷിണാമൂര്‍ത്തി(94) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച്ച നടക്കും. കര്‍ണാടക സംഗീതത്തെ കൈരളിയോടു ചേര്‍ത്തിണക്കിയ അതുല്യ പ്രതിഭയായിരുന്നു ദക്ഷിണാമൂര്‍ത്തി. അമ്പതാണ്ട് നീണ്ട സംഗീതസപര്യയ്ക്കാണ് ഇതോടെ അവസാനമായത്.
ലോകപ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനും, ചലച്ചിത്ര സംഗീതസംവിധായകനുമാണ് വി ദക്ഷിണാമൂര്‍ത്തി. മലയാളം, തമിഴ്, ഹിന്ദി, എന്നീ ഭാഷകളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 125ഓളം ചലച്ചിത്രങ്ങളില്‍ ഇദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
പാര്‍വ്വതി അമ്മാളുടേയും വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22നാണ് ജനനം. ബാല്യകാലം മുതല്‍ സംഗീതത്തില്‍ താല്‍പര്യമുണ്ടായിരുന്ന ദക്ഷിണാമൂര്‍ത്തിയുടെ ആദ്യഗുരു അമ്മയായിരുന്നു. ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങളും മറ്റും ചെറുപ്പത്തില്‍ തന്നെ ഹൃദിസ്ഥമാക്കി.
കെ കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, കുഞ്ചാക്കോ നിര്‍മ്മിച്ച് പുറത്തിറങ്ങിയ നല്ല തങ്ക എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂര്‍ത്തി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. കെ ജെ യേശുദാസിന്റെ പിതാവായ അഗസ്റ്റിന്‍ ജോസഫായിരുന്നു ഈ ചിത്രത്തിലെ നായകന്‍. ദക്ഷിണാമൂര്‍ത്തി പ്രശസ്തരായ പല ഗായകരുടേയും സംഗീത സംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. പി ലീല, പി സുശീല, കല്ല്യാണി മേനോന്‍, ഇളയരാജ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.
1971ല്‍ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1998ല്‍ ജെ സി ഡാനിയല്‍ പുരസ്‌കാരം ലഭിച്ചു. 2013ല്‍ സ്വാതിതിരുനാള്‍ പുരസ്‌കാരം നേടി. മിഴികള്‍ സാക്ഷിയാണ് അവസാന ചിത്രം.
Discussion about this post