ചെന്നൈ: മലയാള ഗാനരംഗത്തു പുതിയ അദ്ധ്യായം രചിച്ച പ്രമുഖ കര്‍ണാടക സംഗീതജ്ഞനും ചലച്ചിത്ര സംഗീതസംവിധായകനുമായ, അന്തരിച്ച വി. ദക്ഷിണാമൂര്‍ത്തി(94) യുടെ സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിനു ചെന്നൈയില്‍ നടക്കും. മൈലാപ്പൂരിലുള്ള വസതിയില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.30-ഓടെയായിരുന്നു അന്ത്യം. മൈലാപൂരിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന മൃതദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ തെന്നിന്ത്യന്‍ സംഗീതലോകത്തിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സംഗീതസംവിധായകരായ ഇളയരാജ, വിദ്യാസാഗര്‍, ശരത്, രാജാമണി, ഗായകരായ പി. ജയചന്ദ്രന്‍, എസ്.പി. ബാലസുബ്രഹ്മണ്യം, ഉണ്ണി മേനോന്‍, സുജാത, ശ്വേത തുടങ്ങിയവര്‍ അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തിയിരുന്നു. സംഗീതം പോയി എന്നു മാത്രമാണ് ദക്ഷിണാമൂര്‍ത്തിയുടെ വിയോഗത്തെക്കുറിച്ച് ഇളയരാജ പ്രതികരിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച് സാംസ്കാരികമന്ത്രി കെ.സി. ജോസഫ് ചെന്നൈയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടുമണിവരെയാണ് പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് മൂന്നിന് സംസ്കാരചടങ്ങുകള്‍ ആരംഭിക്കും. 3.30-ന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും. 1919ല്‍ ഡിസംബര്‍ 22ന് ഡി. വെങ്കിടേശ്വര അയ്യരുടെയും പാര്‍വതി അമ്മാളുടെയും മകനായി ആലപ്പുഴയിലാണു ദക്ഷിണാമൂര്‍ത്തിയുടെ ജനനം. കെ.കെ. പ്രൊഡക്ഷന്റെ ബാനറില്‍ കുഞ്ചാക്കോ നിര്‍മിച്ച നല്ല തങ്ക എന്ന ചിത്രത്തിലൂടെയാണു ദക്ഷിണമൂര്‍ത്തി മലയാളചലച്ചിത്രഗാന രംഗത്തെത്തുന്നത്. യേശുദാസിന്റെ പിതാവ് അഗസ്റിന്‍ ജോസഫായിരുന്നു ചിത്രത്തിലെ നായകന്‍. 1950 മുതല്‍ സിനിമാസംഗീതരംഗത്തു നിറഞ്ഞുനിന്ന അദ്ദേഹം ജീവിതനൌക, നവലോകം, അമ്മ, ശരിയോ തെറ്റോ, സ്നേഹസീമ, നാടോടികള്‍, സീത, ജ്ഞാനസുന്ദരി, ശ്രീകോവില്‍, വേലുത്തമ്പി ദളവ, കാവേരി തുടങ്ങി 125ത്തിലധികം ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചു.













Discussion about this post