ന്യൂഡല്‍ഹി: അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിന് അനുമതി ലഭിക്കുന്നതിനായി വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് 30 ലക്ഷം രൂപ കൈക്കൂലി നല്‍കുന്നതിനിടെ മൈക്രോമാക്‌സ് മൊബൈല്‍ കമ്പനി സഹസ്ഥാപകന്‍ രാജേഷ് അഗര്‍വാള്‍ ഉള്‍പ്പെടെ ഏഴുപേരെ സി.ബി.ഐ. അറസ്റ്റുചെയ്തു. ഇവരെ കോടതി ഏഴുദിവസത്തേക്ക് സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു.
മൈക്രോമാക്‌സ് ടെക്‌നോളജീസിന്റെ ഡയറക്ടറും പ്രൊമോട്ടറുമായ രാജേഷ് അഗര്‍വാള്‍, പങ്കാളിയായ മനീഷ് ടുളി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍മാരായ സതീഷ്‌കുമാര്‍, നരേഷ്‌കുമാര്‍, സഞ്ജയ്കുമാര്‍, ജൂനിയര്‍ എന്‍ജിനീയര്‍ രാജേഷ് ഗുപ്ത, അശോക് ലാംബ എന്നിവരാണ് പിടിയിലായത്.
വാസിര്‍പുരില്‍ ടുളിയുടെ പേരിലുള്ള സ്ഥലത്ത് അനധികൃതമായി പണിതഹാളിന് അനുമതി കിട്ടാന്‍ വേണ്ടിയാണ് ഇവര്‍ കൈക്കൂലി നല്‍കിയത്. 50 ലക്ഷം രൂപ കൈക്കൂലിയായി നല്‍കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു. രാജേഷ് അഗര്‍വാള്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് കമ്പനിയുടെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞതായി മൈക്രോമാക്‌സ് പത്രക്കുറിപ്പിലറിയിച്ചു.













Discussion about this post