തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിവന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉപരോധം പിന്‍വലിച്ചത്. അതേസമയം തന്നെ മുഖ്യമന്ത്രിക്കെതിരായ ബഹിഷ്‌കരണ സമരം തുടരുമെന്ന് ഇടതുമുന്നണി നേതാക്കള്‍ അറിയിച്ചു. ഉപരോധ സമരം അവസാനിപ്പിച്ച് പുതിയ രീതിയിലുള്ള സമരം തുടരാനാണ് എല്‍ഡിഎഫിന്റെ തീരുമാനം.
ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം അടുത്ത മന്ത്രി സഭാ യോഗത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തണമെന്നു ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇടതുമുന്നണി നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ സമരമായിരുന്നു തിരുവനന്തപുരത്ത് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അണികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അന്വേഷണത്തിന്റെ ടേംസ് ആന്‍ഡ് റഫറന്‍സ് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങളും പരിഗണിക്കും. എന്തു പരാതിയുണ്ടെങ്കിലും പ്രതിപക്ഷത്തിന് ഉന്നയിക്കാം. ഈ അവസരം അതിനായി വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഘടകകക്ഷി നേതാക്കളും മന്ത്രിമാരും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുത്തു. അതേസമയം, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ നാളെ കുറ്റപത്രം സമര്‍പ്പിച്ചേക്കും. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന കേസുകളിലാണു കുറ്റപത്രം സമര്‍പ്പിക്കുന്നത്.
Discussion about this post