ഭാരതം സ്വാതന്ത്ര്യപുലരിയിലേക്ക് മിഴിതുറന്നിട്ട് 66സംവത്സരം പൂര്‍ത്തിയാകുന്നു. എന്നാല്‍ സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള, സനാതന ധര്‍മ്മത്തിന്റെ വേരുകളാഴ്ന്ന ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത് ചെറിയ കാലയളവുമാത്രമാണ്. നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍നിന്ന് ഒരു ജനത സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് പറന്നുയരുമ്പോള്‍ ഈ നാട് ദരിദ്ര നാരായണന്‍മാരുടേതായിരുന്നു. എന്നാല്‍ ആത്മീയമായി ഭാരതം അതിന്റെ സുവര്‍ണ്ണശോഭ അന്നും ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് പ്രകാശം പരത്തിനിന്നു.
പാശ്ചാത്യ മനസ്സിന് ചിന്തിക്കാന്‍ കഴിയാത്തവണ്ണം മൂല്യശോഭ ഉയര്‍ത്തിപ്പിടിക്കുന്ന നാടാണ് ഭാരതം. ഭൗതികതയുടെ നീരാളിപ്പിടത്തത്തില്‍ മൂല്യങ്ങള്‍ നഷ്ടപ്പെട്ട ഒരു ജനതയായി പാശ്ചാത്യലോകം ഉഴറുമ്പോള്‍ ഭാരതം ഇന്നും മുന്നോട്ടുപോകുന്നത് സനാതന സംസ്‌കൃതിയുടെ ഈടുവയ്പ്പിന്റെ ബലത്തിലാണ്. ഭാരതത്തിന് ലോകത്തിന്റെ മുന്നില്‍ നിര്‍വഹിക്കാന്‍ ദൗത്യമുണ്ട്. അത് പാശ്ചാത്യ ചിന്തയില്‍നിന്ന് വിഭിന്നമായ മറ്റൊരു ലോകമാണ്. ആത്മീയമായ വെളിച്ചം കെട്ടാല്‍ അത് ലോകത്തെതന്നെ കൂരിരുട്ടിലാക്കും. പിന്നെ ലോകത്തിന് മുന്നോട്ടുപോകാന്‍ വഴികള്‍ ഇല്ലാത്ത ശൂന്യമായ ഒരവസ്ഥയായിരിക്കും ഫലം.
സ്വാതന്ത്ര്യത്തിന്റെ നാളുകളിലൂടെ ഭാരതം മുന്നേറിയപ്പോള്‍ ഭൗതികമായി നാം ഏറെ മുന്നോട്ടുപോയി. ശാസ്ത്ര സാങ്കേതികരംഗങ്ങളില്‍ പല മേഖലകളിലും ഇന്ന് ലോകത്തെ അഞ്ചോ ആറോ രാഷ്ട്രമെടുത്താന്‍ അതില്‍ ഭാരതവുമുണ്ടാകും. പക്ഷെ ഭാരതത്തിന്റെ യഥാര്‍ത്ഥദൗത്യം മറന്നുപോയോ എന്ന് സംശയിക്കാന്‍തക്കവണ്ണം മൂല്യാധിഷ്ഠിതമായ ജീവിതം ഭാരതത്തില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ ഭരണത്തിലും ജനങ്ങളുടെ ജീവിതത്തിലും അക്രമവാസനകളായും അഴിമതിയായും ഭൗതികനേട്ടങ്ങള്‍ക്ക് പിന്നാലെ പായുന്ന മാനസിക നിലയായുമൊക്കെ നിഴലിക്കുന്നു. ഈ ഘട്ടത്തിലാണ് സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തിവര്‍ഷം ആഘോഷിക്കുന്നത്.
പട്ടിണിക്കാരുടെയും പാമ്പാട്ടികളുടെയും നാട് എന്ന് ഒരിക്കല്‍ പാശ്ചാത്യര്‍ പരിഹസിച്ച ഭാരതത്തിന്റെ ആത്മജ്യോതിസ്സ് എന്താണെന്ന് ലോകത്തിന് കാട്ടിക്കൊടുത്തത് ചിക്കാഗോ പ്രസംഗത്തിലൂടെ സ്വാമി വിവേകാനന്ദനാണ്. ഭാരതത്തിന്റെ ചരിത്രത്തെ മാത്രമല്ല ലോകത്തിന്റെ ചരിത്രത്തെ തന്നെ ചിക്കാഗോ പ്രസംഗത്തിനു മുമ്പും പിമ്പുമെന്ന് വേണമെങ്കില്‍ വിഭജിക്കാം. ഭൗതികശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ക്കുപിന്നാലെ ലോകം പായുന്ന ഒരു കാലഘട്ടത്തിലാണ് വിവേകാനന്ദന്‍ ചിക്കാഗോയില്‍ ഭാരതത്തിന്റെ ആത്മപ്രഭ പ്രകാശിപ്പിച്ചത്. ലോകത്തിന് മുന്നോട്ടുപോകാന്‍ ഭൗതികനേട്ടങ്ങള്‍ക്കൊപ്പം ആത്മീയതയും വേണമെന്ന് ലോകത്തെ പഠിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്. വിവേകാനന്ദ ജയന്തിയുടെ സന്ദേശം ഇന്ന് ഭാരതത്തിന്റെ മനസ്സിലും കൂടുതല്‍ തേജസ്സോടെ പ്രസരിക്കുകയാണ്. മൂല്യങ്ങളില്‍ നിന്നകലുന്ന ഭാരതത്തിലെ യുവതലമുറയെ ഈ രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് കാണിച്ചുകൊടുക്കാനുള്ള അവസരംകൂടിയാണ് സമാഗതമായിരിക്കുന്നത്.
പാശ്ചാത്യലോകം ദാര്‍ശനികമായും ആശയപരമായും ഒരു പ്രതിസന്ധിയില്‍പ്പെട്ട് ഇന്ന് ഉഴലുകയാണ്. ഇതിനുള്ള വഴിതേടി അവരുടെ കണ്ണുകള്‍ തിരിയുന്നത് ഭാരതത്തിന്റെ മണ്ണിലേക്കാണ്. പക്ഷേ നമ്മുടെ യുവതലമുറ എന്തിനും ഏതിനും നോക്കുന്നത് പാശ്ചാത്യലോകത്തേക്കും. പ്രത്യേകിച്ച് അമേരിക്കയിലേക്കുമാണ്. സെപ്തംബര്‍ 11-ലെ സംഭവത്തിനുശേഷം ഭീതിയിലാണ്ടുപോയ ജനസമൂഹമായി അമേരിക്ക മാറിയിരിക്കുന്നു. അവരും ഈ ആത്മീയപ്രതിസന്ധിയെ മറികടക്കാന്‍ ഉറ്റുനോക്കുന്നത് സനാതനധര്‍മ്മത്തിന്റെ അനശ്വരമായ ഈ മണ്ണിലേക്കാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് സ്വാതന്ത്ര്യ സമരകാലഘട്ടത്തിലും സ്വാതന്ത്ര്യപൂര്‍വ്വകാലഘട്ടത്തിലും ഭാരതത്തിന്റെ ചരിത്രത്തെ നയിച്ച മൂല്യങ്ങൡലേക്കും ധര്‍മ്മബോധത്തിലേക്കും യുവതലമുറയെ മടക്കിക്കൊണ്ടുവരിക എന്ന ലക്ഷ്യമാണ് നമുക്ക് നിറവേറ്റാനുള്ളത്. അതിനുള്ള തുടക്കം ഈ സ്വാതന്ത്ര്യപുലരിയില്‍തന്നെ ആരംഭിക്കാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
Discussion about this post