ശ്രീനഗര്‍: കാശ്മീരിലെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട് പാക് സൈന്യം നടത്തുന്ന പ്രകോപനപരമായ വെടിവെയ്പ് തുടരുകയാണ്. വ്യാഴാഴ്ച രാത്രി 9.30 ഓടെ തുടങ്ങിയ വെടിവെയ്പ് പുലര്‍ച്ചെ രണ്ടു മണിവരെ നീണ്ടുനിന്നു. കഴിഞ്ഞ ആഴ്ച പാക് സൈന്യവും സൈനിക വേഷത്തിലെത്തിയ തീവ്രവാദികളും ഇന്ത്യന്‍ മേഖലയില്‍ അതിക്രമിച്ചുകടന്ന് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ പൂഞ്ച് സെക്ടറിലായിരുന്നു വെടിവെയ്പ് നടന്നത്.പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പതിനേഴാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ കാറ്റില്‍പറത്തി അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത്. വ്യാഴാഴ്ച രാത്രിയില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ് തുടര്‍ന്നതോടെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. എന്നാല്‍ ഇരുഭാഗത്തും ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ബലാകോട്ട, സബ്സിയാന്‍ മേഖലകളിലാണ് രാത്രി വെടിവെയ്പുണ്ടായത്. വ്യാഴാഴ്ച പകല്‍ പാക് സൈന്യത്തിന്റെ വെടിവെയ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. യന്ത്രത്തോക്കുകളും റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉള്‍പ്പെടെയാണ് ഇന്ത്യന്‍ മേഖലയിലേക്ക് പാക് സൈന്യം പ്രയോഗിക്കുന്നത്. അതിനിടെ തുടര്‍ച്ചയായ പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. നയതന്ത്ര തലത്തില്‍ തന്നെ വിഷയം ഉന്നയിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു.













Discussion about this post