ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ സാക്ഷികളുടെ മൊഴിയെടുക്കുന്നതിനു പാക്ക് കമ്മിഷന് ഇന്ത്യ അനുമതി നല്‍കിയേക്കും. ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്‌ഥാനില്‍ പിടിയിലായ ഏഴു പേരുടെ വിചാരണയുമായി ബന്ധപ്പെട്ടാണ് പാക്ക ്‌കമ്മിഷന്‍ ഇന്ത്യയിലെത്തുമെന്നാണു സൂചന. എന്നാല്‍ ഇതിനു ബോംബെ ഹൈക്കോടതിയുടെ അനുവാദം ആവശ്യമാണെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഭീകരാക്രമണ കേസില്‍ പാക്കിസ്‌ഥാന്‍ യുക്‌തിപരമായ നിലപാടെടുക്കേണ്ടതുണ്ട്. നിലവില്‍ ബോംബെ ഹൈക്കോടതിയാണ് ഭീകരാക്രമണക്കേസ് കൈകാര്യം ചെയ്യുന്നത്.അതിനാല്‍ ഹൈക്കോടതി അനുവദിച്ചാല്‍ പാക്ക് കമ്മിഷന്‍ ഇന്ത്യയിലെത്തുന്നതില്‍ തര്‍ക്കമില്ലെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്‌തമാക്കി. അതേസമയം, ഇന്ത്യയിലുള്ള സാക്ഷികളുടെ മൊഴിയെടുക്കാന്‍ കമ്മിഷന് ഇന്ത്യ അനുമതി നല്‍കുന്നതിലുള്ള കാല താമസമാണ് പിടിയിലായവരുടെ വിചാരണ നീണ്ടുപോകുന്നതിനു കാരണമെന്നു പാക്കിസ്‌ഥാന്‍ ആരോപിച്ചു.
26/11 കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യ പാക്കിസ്‌ഥാനോട് വീണ്ടും ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തിലെ പത്തു ഭീകരരുടെ ശബ്‌ദ സാംപിളുകള്‍ നല്‍കണമെന്നും പാക്കിസ്‌ഥാനില്‍ പിടിയിലായ പ്രതികളുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാക്കിസ്‌ഥാന്റെ ഭാഗത്തുനിന്ന് പ്രതികരണം ഇതേവരെ ലഭിച്ചിട്ടില്ല.
അതേസമയം മുംബൈ ഭീകരാക്രമണ കേസില്‍ അജ്‌മല്‍ കസബിനെ പ്രതിയാക്കാന്‍ വേണ്ടി ക്ലോാസ്‌ഡ് സര്‍ക്യൂട്ട് ക്യാമറകളിലെ (സിസിടിവി) ദൃശ്യങ്ങള്‍ പലതും മറച്ചു വച്ചതായി കസബിന്റെ അഭിഭാഷകന്‍ അമിന്‍ സോള്‍ക്കര്‍ ബോംബെ ഹൈക്കോടതിയില്‍ ആരോപിച്ചു. ഛത്രപതി ശിവാജി ടെര്‍മിനലിലെ(സിഎസ്‌ടി) സിസിടിവി ക്യാമറകളില്‍ രണ്ടു തീവ്രവാദികളെ കാണിക്കുന്ന പല ദൃശ്യങ്ങളുണ്ട്. എന്നാലിവയില്‍ ഒന്നു മാത്രമാണ് കോടതിയില്‍ തെളിവായി എത്തിയിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ കസബിന്റെയും കൂട്ടാളി ഇസ്‌മായിലിന്റെയും മുഖം കാണുന്നില്ല. ആക്രമണ സമയത്ത് സിഎസ്‌ടിയില്‍ ഇല്ലായിരുന്നെന്നാണ് കസബിന്റെ മൊഴി. കസബിനെ വധശിക്ഷയ്‌ക്കു വിധിച്ച പ്രത്യേക കോടതിയുടെ വിധി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു സോള്‍ക്കര്‍. സിഎസ്‌ടിയുടെ പ്രധാന കവാടത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 21 ക്യാമറകളിലും ലോക്കല്‍ ലൈനില്‍ 15 ക്യാമറകളിലും പതിഞ്ഞ കസബിന്റെ ദൃശ്യങ്ങള്‍ പൊലീസ് ഇന്‍സ്‌പെക്‌ടറായ സന്ദീപ് കിരാത്‌കര്‍ സിഡിയിലേക്കു മാറ്റി സീല്‍ ചെയ്‌തു വച്ചു. എന്നാല്‍ ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്നു പറഞ്ഞു വിചാരണക്കോടതിയില്‍ കിരാത്‌കര്‍ അഭിപ്രായം മാറ്റി.
Discussion about this post