കൊച്ചി: ബിത്ര ദ്വീപില്‍ കണ്ട അജ്ഞാത നൗകയില്‍നിന്നു നാവികസേന കസ്റ്റഡിയിലെടുത്ത 19 വിദേശികളെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നു. നേവി, കോസ്റ്റ് ഗാര്‍ഡ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. കസ്റ്റഡിയിലെടുത്ത പാക്കിസ്ഥാനി പൗരന്മാര്‍ക്കു സ്വന്തം പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഉള്ളതായാണ് ലഭ്യമാകുന്ന വിവരം.
കസ്റ്റഡിയിലെടുത്ത 19 പേരില്‍ 15 പേര്‍ പാക്കിസ്ഥാന്‍കാരാണ്. നാലു പേര്‍ ഇറാന്‍കാരുമാണ്. ഇവര്‍ മത്സ്യത്തൊഴിലാളികളെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമാകുന്നത്. മീന്‍പിടിക്കുന്നതിനിടെ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ ഭയന്ന് ഇന്ത്യയുടെ നാവികാതിര്‍ത്തിയില്‍ പ്രവേശിച്ചതാണെന്നു മൊഴി നല്‌കിയതായും അറിയുന്നു.
അറബിക്കടലില്‍ ലക്ഷദ്വീപിനു പടിഞ്ഞാറ് ബിത്ര ദ്വീപില്‍ കണ്ട അജ്ഞാത നൗകയില്‍നിന്നാണ് ഇവരെ പിടികൂടിയത്. അറബിക്കടലില്‍ കടല്‍ക്കൊള്ളയ്‌ക്കെതിരേയുള്ള തീവ്രനിരീക്ഷണത്തില്‍ മുഴുകിയിരുന്ന ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പല്‍ ഐഎന്‍എസ് രജപുത് ആണ് 19 വിദേശികളുമായി സംശയാസ്‌പദമായ രീതിയില്‍ സഞ്ചരിക്കുകയായിരുന്ന നൗക കണ്ടെത്തിയത്. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടോടെ കടലില്‍ കാണപ്പെട്ട നൗക കസ്റ്റഡിയിലെടുത്തു നാവികസേന കവരത്തിയിലേക്കു കൊണ്ടുവന്നു പോലീസിനു കൈമാറി. അവിടെയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
Discussion about this post