ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ റൂറല്‍, മണ്ഡ്യ മണ്ഡലങ്ങള്‍ വന്‍ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് കൈയടക്കി.
ബാംഗ്ലൂര്‍ റൂറലില്‍ കോണ്‍ഗ്രസ്സിലെ ഡി.കെ. സുരേഷ് 1, 37,007 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുമാരസ്വാമിയുടെ ഭാര്യ അനിതാകുമാരസ്വാമിയെ പരാജയപ്പെടുത്തിയത്. മണ്ഡ്യയില്‍ കോണ്‍ഗ്രസ് സ്ഥനാര്‍ഥി തെന്നിന്ത്യന്‍ നടി രമ്യ 67,611 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജനതാദളിലെ സി.എസ്. പുട്ടരാജുവിനേയും തോല്പിച്ചു. ഇരുവരുടെയും ആദ്യവിജയമാണിത്. 2009-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ റൂറലില്‍ കുമാരസ്വാമിക്ക് ലഭിച്ച ഭൂരിപക്ഷം 1,30,000 വോട്ടാണ്.എന്നാല്‍ കുമാരസ്വാമി നേടിയതിനേക്കള്‍ കൂടുതല്‍ വോട്ട് നേടാന്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ. സുരേഷിന് കഴിഞ്ഞു. രണ്ട് മണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനതാദളിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് കോണ്‍ഗ്രസ്സിന് ലഭിച്ചു.
ബി.ജെ.പി.യുമായി ജനതാദള്‍ ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് പറഞ്ഞു.കോണ്‍ഗ്രസ് സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ആഗസ്ത് 21-ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം സിദ്ധരാമയ്യ ഭരണത്തിന് കിട്ടിയ നേട്ടമായും കോണ്‍ഗ്രസ് വിലയിരുത്തുന്നു.
Discussion about this post