ന്യൂഡല്‍ഹി: പാമൊലിന്‍ കേസില്‍ ആരോപണ വിധേയനായ പി.ജെ.തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മിഷണറായി (സിവിസി)നിയമിച്ച കേസില്‍ വിശദീകരണം തേടി പി.ജെ.തോമസിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. പി.ജെ.തോമസിന്റെ നിയമനം ചോദ്യം ചെയ്‌തു കൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണു നടപടി. കേസ് അന്തിമ വാദം കേള്‍ക്കുന്നതിനായി ജനുവരി 27ലേക്കു മാറ്റി. ചീഫ് ജസ്‌റ്റിസ് എസ്.എച്ച്.കപാഡിയ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണു കേസ് പരിഗണിക്കുന്നത്.
തോമസിനെ സിവിസിയായി നിയമിച്ചതു ചോദ്യംചെയ്‌ത്, മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ജെ.എം. ലിങ്ങോയും മറ്റും നേതൃത്വംനല്‍കുന്ന പൊതുതാല്‍പര്യ സംഘടന, ഫയല്‍ ചെയ്‌ത ഹര്‍ജിയാണു പരിഗണിക്കുന്നത്. ഹര്‍ജിയിലെ പ്രധാന ആരോപണങ്ങള്‍ ഇവയാണ്: തോമസിനെ നിയമിക്കുന്നതില്‍ പ്രതിപക്ഷ നേതാവിനു വിയോജിപ്പുണ്ടായിരുന്നു. സിവിസിയായി നിയമിക്കപ്പെടുന്നയാള്‍ കറപുരളാത്ത വ്യക്‌തിത്വത്തിന്റെ ഉടമയായിരിക്കണം. എന്നാല്‍, തോമസ് പാമൊലിന്‍ അഴിമതിക്കേസിലുള്‍പ്പെട്ട വ്യക്‌തിയാണ്. അഴിമതി വിവാദത്തില്‍പ്പെട്ട 2ജി സ്‌പെക്‌ട്രം വിതരണസമയത്തു തോമസായിരുന്നു കേന്ദ്ര ടെലികോം സെക്രട്ടറി. സപ്‌റ്റംബര്‍ ഏഴിനാണ് പി.ജെ.തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മിഷണറായി നിയോഗിച്ചത്.
Discussion about this post