മലപ്പുറത്തെ താനൂരിലും തിരുവനന്തപുരത്തെ വാമനപുരത്തും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായുണ്ടായ രണ്ടപകടങ്ങളില്‍ ഒരു പിഞ്ചുകുഞ്ഞുള്‍പ്പെടെ പതിനൊന്നുപേരുടെ വിലപ്പെട്ട ജീവനാണ് നഷ്ടമായത്. രണ്ട് അപകടങ്ങളിലും വില്ലനായത് അമിതവേഗതയില്‍ വന്ന ബസും ആംബുലന്‍സുമാണ്.
താനൂരില്‍ സ്വകാര്യബസ് ഓട്ടോയില്‍ ഇടിച്ചാണ് നാലുകുട്ടികളും രണ്ടു സ്ത്രീകളുമുള്‍പ്പെടെ ബന്ധുക്കളായ എട്ടുപേര്‍ മരിച്ചത്. അമിതവേഗതയില്‍ വന്ന സ്വകാര്യബസ് മറ്റൊരുബസിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ എതിരെ വന്ന ഓട്ടോയെ ഇടിച്ചു തകര്‍ക്കുകയായിരുന്നു. മുമ്പ് ഏഴുതവണ അപകടമുണ്ടാക്കിയ ബസാണ് കേരളത്തെ നടുക്കിയ ദുരന്തത്തിന് കാരണമായത്. ഒരോ അപകടം കഴിയുമ്പോഴും പേരും പെയിന്റും മാറ്റി അതേ റൂട്ടില്‍ തന്നെ ഓടുകയായിരുന്നു ഈ ബസ്. കൈക്കൂലി വാങ്ങിക്കൊണ്ട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശചെയ്തതു കൊണ്ടു തന്നെയാണ് ഈ ബസിന് വീണ്ടും ഓടാന്‍ കഴിഞ്ഞത്. നേരത്തേ തന്നെ ഈ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കേണ്ടതായിരുന്നു. ജനങ്ങളുടെ ജീവന്‍ കൈയിലെടുത്തുകൊണ്ട് പായുന്ന ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് ഉന്നതങ്ങളിലെ സ്വാധീനം മൂലമാണെന്ന് വ്യക്തമാണ്.
കഴിഞ്ഞദിവസം വാമനപുരത്തുണ്ടായ അപകടം പ്രസവിച്ച് രണ്ടുമണിക്കൂര്‍ മാത്രം പിന്നിട്ട ഒരു കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്. ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍രക്ഷിക്കാനുള്ള ശ്രമത്തില്‍ പൊലിഞ്ഞു പോയത് മറ്റു രണ്ടു ജീവനുകള്‍ കൂടിയാണ്. അമിതവേഗതയില്‍ വന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് ഒരു കെട്ടിടത്തിന്റെ വശങ്ങളില്‍ ഉരസിയ ശേഷം ബസില്‍ ഇടിക്കുകയായിരുന്നു. ബസ് ദിശമാറി തിരിഞ്ഞു നിന്നു എന്നു പറയുമ്പോള്‍തന്നെ ഇടിയുടെ ആഘാതം എത്രയെന്ന് വ്യക്തമാണ്. ജീവന്‍രക്ഷിക്കുന്നതിന്റെ ഭാഗമായി ചീറിപ്പായുന്ന ആംബുലന്‍സുകള്‍ കാണുമ്പോള്‍ ആ വാഹനങ്ങള്‍ അപകടത്തില്‍പെടുമോയെന്ന് കാണുന്നവര്‍ ആശങ്കപ്പെട്ടിരുന്നു. ആംബുലന്‍സില്‍ കൊണ്ടുപോകുന്ന ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരിക്കുകയും മറ്റുപലരുടെയും കൂടി മരണത്തിന് ഇടയാക്കുകയും ചെയ്യുന്ന തരത്തില്‍ ആംബുലന്‍സുകള്‍ ചീറിപ്പായണോയെന്ന് അധികൃതര്‍ തീരുമാനിക്കേണ്ടതാണ്.
അമിതമായ വേഗതയും അലക്ഷ്യമായ ഡ്രൈവിംഗും റോഡിന്റെ അവസ്ഥയുമൊക്കെയാണ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്. കേരളത്തിലുണ്ടാകുന്ന 90 ശതമാനത്തിലധികം വാഹനാപകടങ്ങളും ഒഴിവാക്കാന്‍ കഴിയാവുന്നവയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ഗൗരവപൂര്‍വമായ സമീപനം സ്വീകരിക്കുന്നില്ല എന്നാണ് ഓരോ അപകടവും ഓര്‍മപ്പെടുത്തുന്നത്. ഭാഗ്യവശാല്‍ ഇപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റിട്ടുള്ള ഋഷിരാജ് സിംഗ് ഇക്കാര്യത്തില്‍ പലനടപടികളും സ്വീകരിക്കുന്നു എന്നത് ആശ്വാസദായകമാണ്.
അമിതവേഗതയില്‍ തുടര്‍ച്ചയായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും വേണം. വീണ്ടു നിയമലംഘനം നടത്തിയാല്‍ വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്ന തരത്തിലുള്ള നടപടി സ്വീകരിക്കണം. വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും എല്ലാഡ്രൈവര്‍മാക്കും ബോധവല്‍ക്കരണം നല്‍കുന്നതിനുള്ള ക്ലാസുകളും സംഘടിപ്പിക്കണം. ഇരുചക്രവാഹനം ഓടിക്കുന്ന യുവാക്കളെയും അമിതവേഗതയുടെ ആപത്തിനെ കുറിച്ച് ബോധവല്‍ക്കരിക്കണം. ഇത്തരം നടപടികള്‍ സന്നദ്ധസംഘടകളുടെ സഹായത്തോടുകൂടി മോട്ടോര്‍വാഹനവകുപ്പ് സ്ഥിരം സംവിധാനമായി നടത്തിയാല്‍ റോഡപകടങ്ങളില്‍ വലിയൊരുപങ്ക് കുറയ്ക്കാന്‍ കഴിയും. മോട്ടോര്‍വാഹന വകുപ്പിന്റെയും പോലീസിന്റെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയിലൂടെ മാത്രമേ ഇത് സാധ്യമാകൂ.
Discussion about this post