മൂവാറ്റുപുഴ: ശബരിമല ദര്‍ശനം കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന തൃശ്ശൂര്‍ മണ്ണുത്തി സ്വദേശികളായ അയ്യപ്പന്‍മാരെ ആയുധങ്ങളുമായി മൂന്നംഗ സംഘം ആക്രമിച്ചു. അക്രമിസംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ കാവുങ്കര കൊച്ചങ്ങാടി പുത്തന്‍പുര മുഹസിന്‍(22)നെയാണ് കസ്റ്റഡിയിലെടുത്തത്. കൂടെയുണ്ടായിരുന്ന മനീഷ്(19), ആഷിഖ്(19) എന്നിവരാണ് ഒളിവിലുള്ളത്.
ഇന്നലെ വൈകിട്ട് 3.15മണിയോടെ മൂവാറ്റുപുഴ വാഴപ്പിള്ളി ഐ.ടി.ആര്‍ ജംഗ്ഷനിലാണ് സംഭവം നടന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞ് ഇന്നോവകാറില്‍ ഏഴുപേരുള്ള അയ്യപ്പസംഘം സ്വദേശമായ തൃശ്ശൂര്‍ക്ക് പോകുന്നവഴി മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ ആവോലിക്കടുത്ത് വച്ച് വാഹനത്തിന് മുന്നില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം കാറിന് മുന്നില്‍ സഞ്ചരിച്ച് കാറിന് കടന്ന് പോകാന്‍ കഴിയാത്തവിധത്തില്‍ തടസ്സപ്പെടുത്തികൊണ്ടിരുന്നു. കാറിന് കടന്നുപോകുവാന്‍ വേണ്ടി ഹോണ്‍ മുഴക്കിയപ്പോള്‍ ബൈക്കിലിരുന്നവര്‍ കൈയിലുള്ള ഇരുമ്പ് ദണ്ഡ് കാറിനു നേരെ ചൂണ്ടികാണിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് അയ്യപ്പന്‍മാര്‍ പറഞ്ഞു.
മൂവാറ്റുപുഴ ടൗണില്‍ എത്തിയപ്പോള്‍ കാര്‍ ട്രാഫിക് കുരുക്കില്‍ പെടുകയും ബൈക്കിലെ സംഘം നിങ്ങളെ വെറുതെ വിടില്ലെന്ന് ആക്രോശിച്ച് മുന്നോട്ട് പോവുകയും ചെയ്തു. ട്രാഫിക് കുരുക്ക് നീങ്ങി അയ്യപ്പസംഘത്തിന്റെ വാഹനം എം സി റോഡില്‍ ഐ.ടി.ആര്‍ ജംഗ്ഷനു പത്ത് മീറ്റര്‍ അകലെ എത്തിയപ്പോള്‍ ബൈക്കില്‍ പോയവരടക്കം മൂന്നംഗ സംഘം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ ഡോര്‍ തുറന്ന് അയ്യപ്പന്‍മാരായ സജിത്തിനെയും സനീഷിനെയും വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ അക്രമികളില്‍ ഒരാള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാറിന്റെ പുറകുവശത്ത് അടിക്കുകയായിരുന്നു.
അയ്യപ്പന്‍മാരെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ തടിച്ച്കൂടുകയും, ഹൈവേ പോലീസിനെ വിവരമറിയിച്ചതനുസരിച്ച് അവര്‍ എത്തിയാണ് മുഹസിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. മറ്റുള്ളവര്‍ ഇതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ മൂവാറ്റുപുഴ സി ഐ പി. പി. ഷംസ്, എസ്.ഐ പി. എ. ഫൈസല്‍ എന്നിവര്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി. പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി, തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരം കിട്ടിയത്. ഒളിവിലുള്ള ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് ഇരയായ അയ്യപ്പന്‍മാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അവരെ സ്വദേശത്തേക്ക് വിട്ടയക്കുകയും ചെയ്തു.
സംഭവം അറിഞ്ഞ് പോലീസ് സ്റ്റേഷനില്‍ എത്തിയ ആര്‍എസ്‌എസ് നേതാക്കളായ എന്‍. എസ്. ബാബു, രാജീവ്, ജിതിന്‍ രവി, സുധീഷ് സോമന്‍ എന്നിവര്‍ പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും അയ്യപ്പന്‍മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധമറിയിക്കുകയും ചെയ്തു.
Discussion about this post