കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അറുപതാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് വള്ളിക്കാവ് അമൃതപുരിയില്‍ തുടക്കമായി. ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള ഭക്തജനങ്ങള്‍ അമ്മയുടെ ജയന്തി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. നാളെയാണ് പിറന്നാള്‍. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്നലെ എത്തിയതോടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. രാവിലെ 10ന് മുന്‍രാഷ്ട്രപതി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. അമൃത സെന്റര്‍ ഫോര്‍ സെക്യൂരിറ്റി രൂപകല്‍പന ചെയ്ത സ്ത്രീകള്‍ക്കുള്ള സുരക്ഷാ ഉപകരണവും അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പുതിയ അര്‍ബുദമരുന്നും കണ്ട അദ്ദേഹം അമ്മയെ അഭിനന്ദനം അറിയിച്ചു.
ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ നായകന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍, വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ച ഡോ. ലെലന്‍ഡ് ഹാര്‍ട്ട്‌വെല്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ എന്നിവര്‍ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു. വിശിഷ്ടവ്യക്തികളുടെ നീണ്ടനിരയാണ് അമൃതാനന്ദമയിയെ കാണാന്‍. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അമൃതപുരി ക്യാംപസില്‍ ‘നമ്മുടെ ഗ്രാമങ്ങള്‍, നമ്മുടെ ലോകം; നമുക്ക് എന്തു ചെയ്യാനാകും എന്ന രാജ്യാന്തര ഉച്ചകോടി ഡോ. അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു.
സമൂഹത്തിനുവേണ്ടി നമുക്ക് എന്തു ചെയ്യാനാകുമെന്ന അമ്മയുടെ ചിന്തകള്‍ വിലപ്പെട്ടതാണെന്ന് ഡോ. അബ്ദുല്‍ കലാം പറഞ്ഞു. രാജ്യത്തെ ആറു ലക്ഷം ഗ്രാമങ്ങളിലാണ് 70% ജനങ്ങളും കഴിയുന്നത്. കേരളത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനത്തിനു ദേശീയജലപാത പദ്ധതിക്കു വിലപ്പെട്ട സംഭാവന ചെയ്യാന്‍ സാധിക്കും. ഈ പദ്ധതിയില്‍ അമൃതാനന്ദമയി മഠവും പങ്കാളിയാകണമെന്നും അദ്ദേഹം പറഞ്ഞു. അമൃതപുരി ക്യാംപസില്‍ നടക്കുന്ന ചടങ്ങില്‍ അമൃത സര്‍വകലാശാല വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യകളുടെ മാതൃകകള്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി അനാച്ഛാദനം ചെയ്യും. ആശ്രമം ആരംഭിക്കുന്ന പുതിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഞ്ചിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ജയന്തിആഘോഷവേളയായതിനാല്‍ മുഴുവന്‍സമയവും അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും.
Discussion about this post