ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ നിഷേധവോട്ടു രേഖപ്പെടുത്തുന്നതിന് സുപ്രീംകോടതിയുടെ അനുമതി. നിഷേധവോട്ട് രേഖപ്പെടുത്താനുള്ള പ്രത്യേക ബട്ടന്‍ വോട്ടിംഗ് യന്ത്രത്തില്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. യന്ത്രത്തില്‍ രേഖപ്പെടുത്തുമെങ്കിലും നിഷേധവോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തില്ല. അതുകൊണ്ടു തന്നെ ഫലപ്രഖ്യാപനത്തില്‍ നിഷേധവോട്ടുകളുടെ എണ്ണം അറിയാനാകില്ല. നിഷേധവോട്ട് ജനാധിപത്യപ്രക്രിയയെ ശുദ്ധീകരിക്കുമെന്ന അഭിപ്രായത്തോടെയാണ് ചീഫ് ജസ്റീസ് അടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്. വിധി എത്രയും വേഗം നടപ്പിലാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതോടെ നവംബറില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ദേശം പ്രായോഗികമാക്കേണ്ട സ്ഥിതിയാണുള്ളത്. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് നവംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.
നിഷേധവോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാറ്റങ്ങള്‍ വരുത്തുമെന്ന് കോടതി വിലയിരുത്തി. രാഷ്ട്രീയപാര്‍ട്ടികള്‍ സംശുദ്ധരായ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ട സാഹചര്യവും ഇതുമൂലമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികളുടെ പേരുകളും രേഖപ്പെടുത്തിയ ശേഷം അവസാനം വോട്ടിംഗ് യന്ത്രത്തില്‍ ‘ഇതൊന്നുമല്ല’ എന്ന ഒരു ബട്ടന്‍ കൂടി ഏര്‍പ്പെടുത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി നിയമഭേദഗതി വരുത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു പൌരന് വോട്ടു ചെയ്യാനുള്ള അവകാശം നിയമപരമാണെന്നും എന്നാല്‍ സ്ഥാനാര്‍ഥികളെ നിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവുമുണ്ടെന്ന് കോടതി വിലയിരുത്തി. തീരുമാനത്തിന് വ്യാപക പ്രചാരണം നല്‍കാനും അതിലൂടെ വോട്ടര്‍മാരെ ഇതു സംബന്ധിച്ച് ബോധവല്‍ക്കരിക്കാനും കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ട്.
പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന എന്‍ജിഒ സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ അംഗീകരിക്കാതിരിക്കാനുള്ള അവകാശവും ഒരു പൌരന് ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. തെരഞ്ഞെടുപ്പ് കമ്മീഷനും ഹര്‍ജിക്കാരുടെ ആവശ്യത്തെ പിന്തുണച്ചിരുന്നു. ഇതിനായി നിയമഭേദഗതി വരുത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ സര്‍ക്കാര്‍ ഇതിനു തയാറായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് നടത്തുന്നത് തെരഞ്ഞെടുക്കാനാണെന്നും നിഷേധിക്കാനല്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. നിഷേധവോട്ടിനുള്ള ബട്ടന്‍ വോട്ടിംഗ് യന്ത്രത്തിലേര്‍പ്പെടുത്തുന്നത് സമ്മതിദായകരെ ആശയക്കുഴപ്പത്തിലാക്കുമെന്നും അതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നും ഇല്ലെന്നും സര്‍ക്കാര്‍ ഭാഗം വാദിച്ചു.













Discussion about this post