ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകള്‍ ഇനി പെട്രോള്‍ പമ്പുകള്‍ വഴിയും ലഭിക്കും. ഡല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബാംഗളൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളിലായിരിക്കും തുടക്കത്തില്‍ ഈ സൌകര്യം ലഭിക്കുക. ഗ്യാസ് കണക്ഷന്‍ മറ്റൊരു വിതരണക്കാരന്റെ കീഴിലേക്ക് മാറ്റാനും എണ്ണമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. നഗരങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ഥികളെയും ഐടി പ്രഫഷണലുകളെയും കുടുംബങ്ങളെയും ഉദ്ദേശിച്ചാണ് തീരുമാനം നടപ്പാക്കുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അഞ്ച് കിലോയുടെ ചെറുസിലിണ്ടറുകളായിരിക്കും പെട്രോള്‍ പമ്പുകള്‍ വഴി വിതരണം ചെയ്യുക. എണ്ണകമ്പനികളുടെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളതും കമ്പനി നേരിട്ട് നടത്തുന്നതുമായ പെട്രോള്‍ പമ്പുകളില്‍ മാത്രമായിരിക്കും വില്‍പന അനുവദിക്കുക. രാജ്യത്തെ 47,000 പെട്രോള്‍ പമ്പുകളില്‍ 1440 എണ്ണം മാത്രമാണ് ഇത്തരത്തില്‍ കമ്പനി നേരിട്ട് നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി ബാംഗളൂരില്‍ നിര്‍വഹിക്കും. തുടക്കത്തില്‍ തെരഞ്ഞെടുത്ത ചില പമ്പുകളില്‍ മാത്രമായിരിക്കും ഇത്തരത്തില്‍ വിതരണം നടത്തുന്നത്. ഗ്യാസ് കണക്ഷന്‍ മാറ്റാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ തീരുമാനം ഏറെപേര്‍ക്ക് ഗുണകരമാകും.













Discussion about this post