ന്യൂഡല്‍ഹി: കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അംഗത്വം റദ്ദാക്കുന്ന സുപ്രീംകോടതി വിധി അതിജീവിക്കുന്നതിനായി അവതരിപ്പിച്ച ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന് രാഷ്ട്രപതിയെയാണ് പുകഴ്ത്തേണ്ടതെന്ന് എല്‍.കെ അദ്വാനി പറഞ്ഞു. എല്ലാ ക്രെഡിറ്റും രാഹുലിന് നല്‍കി മാധ്യമങ്ങളും തെറ്റിദ്ധാരണ പരത്തുകയായിരുന്നുവെന്നും അദ്വാനി ബ്ളോഗില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ആരോപിക്കുന്നു. ഓര്‍ഡിനന്‍സ് പിന്‍വലിച്ചതോടെ യുപിഎ സര്‍ക്കാരിന്റെ നിറംകെട്ട ഭരണത്തിലെ മറ്റൊരു ഏടാണ് അവസാനിച്ചിരിക്കുന്നതെന്നും അദ്വാനി പറയുന്നു.
ഓര്‍ഡിനന്‍സിനെ എതിര്‍ക്കാന്‍ സോണിയാഗാന്ധിയാണ് രാഹുലിനെ ഉപദേശിച്ചതെന്നും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടിയതിനു പിന്നില്‍ സോണിയയ്ക്കും പങ്കുണ്ടെന്നും അദ്വാനി ആരോപിച്ചു. ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടെ ഓര്‍ഡിനന്‍സിനെ പരസ്യമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇതു പിന്‍വലിക്കാന്‍ കളമൊരുങ്ങിയത്. നേരത്തെ രാഷ്ട്രപതിയും ഓര്‍ഡിനന്‍സില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.













Discussion about this post