ശ്രീനഗര്‍: കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. തടിയന്‍റവിട നസീര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. എല്ലാവര്‍ക്കും 50,000 രൂപ പിഴപിഴയടയ്ക്കണമെന്ന് വിധിന്യായത്തില്‍ പറയുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. കൊച്ചിയിലെ എന്‍ഐഎ കോടതി യാണ് ശിക്ഷ വിധിച്ചത്.
സര്‍ഫ്രാസ് നവാസ്, അബ്ദുള്‍ ജബ്ബാര്‍, സാബിര്‍ പി ബുഹാരി എന്നിവര്‍ക്കാണ് നസീറിനെ കൂടാതെ ഇരട്ട ജീവപര്യന്തം വിധിച്ചത്. ഇബ്രാബിം മൗലവി, ഫൈസല്‍, അബ്ദുള്‍ ജലീല്‍, മുജീബ്, ഷഫാസ്, ഫിറോസ്, സൈനുദ്ദീന്‍, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ക്കാണ് ജീവപര്യന്തം. എല്ലാവരെയും ജയിലിലേക്ക് കൊണ്ടുപോയി. 2012 ഫെബ്രുവരിയിലാണ് കേസില്‍ എന്‍ഐഎ പ്രത്യേക കോടതി വിചാരണ ആരംഭിച്ചത്.
രാജ്യത്തോട് യുദ്ധം ചെയ്ത പ്രതികളോട് കരുണ അരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുകയുണ്ടായി. തടവ് ബംഗളൂരു ജയിലില്‍ അനുവദിക്കണമെന്ന് തടിയന്റവിട നസീര്‍ ആവശ്യപ്പെട്ടു. പരമാവധി ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു അബ്ദുള്‍ ജബ്ബാറിന്റെ ആവശ്യം.
പ്രതികളില്‍ ചിലര്‍ കോടതി വിധി പുറത്തുവന്ന ശേഷം പ്രകോപിതരായി സംസാരിച്ചു. തങ്ങള്‍ കുഞ്ഞാലിക്കുട്ടി മരയ്ക്കാരുടെ പിന്‍ഗാമികള്‍ ആണെന്നും ദേശസ്നേഹം പഠിപ്പിക്കേണ്ടെന്നും സര്‍ഫ്രാസ്‍ നവാസ് കോടതിക്കു പുറത്തുവെച്ച് പറഞ്ഞു. അതേസമയം പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമായിരുന്നുവെന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഫയാസിന്റെ ഉമ്മ ഷെഫിയ പറഞ്ഞു.
തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 13 പേര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇവര്‍ക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിച്ചത്. തടിയന്റവിട നസീര്‍ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
കേസില്‍ അഞ്ചുപേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയക്കുകയും ചെയ്തു. എന്‍ഐഎ പ്രതി ചേര്‍ത്ത മുഹമ്മദ് നൈനാര്‍, ബദറുദ്ദീന്‍, ടി.കെ അനസ്, ഷനീജ്, അബ്ദുല്‍ ഹമീദ് എന്നിവരെയാണ് ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ച് കോടതി വെറുതെ വിട്ടത്.
കേസിലെ പ്രതികളായ നാല് മലയാളികള്‍ 2008 ഒക്ടോബറില്‍ കശ്മീരില്‍ വച്ച് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ പൗരനായ വാലി, ഇരുപതാം പ്രതി മുഹമ്മദ് സാബിര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
2006-2008 കാലയളവില്‍ കേരളത്തില്‍ നിന്നുള്ള യുവാക്കളെ തീവ്രവാദ പരിശീലനത്തിനായി റിക്രൂട്ട് ചെയ്തുവെന്നാണ് കേസ്. പരിശീലനം നേടി പാകിസ്ഥാനില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ നാലുപേര്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. കശ്മീരില്‍ നിന്നും രക്ഷപ്പെട്ട അബ്ദുല്‍ ജബ്ബാറിനെ പിന്നീട് സംസ്ഥാനത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.
Discussion about this post