തിരുവനന്തപുരം: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മദനി അടക്കമുള്ള 13 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി രണ്ടു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. എന്‍.ഐ.എ കോടതിയിലാവും വിചാരണ നടക്കുക.
പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ ബസ് കത്തിക്കല്‍ കേസിലെ പത്താം പ്രതിയാണ്. 2009 ഡിസംബര്‍ 18 ന് അറസ്റ്റിലായ സൂഫിയയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേരള പോലീസ് അന്വേഷിച്ചുവന്ന കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. 2005 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മദനിയോട് ജയില്‍ അധികൃതര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് തട്ടിയെടുത്ത് അഗ്നിയ്ക്ക് ഇരയാക്കുകയായിരുന്നു. നിരവധി തീവ്രവാദ കേസുകളിലെ പ്രതിയായ തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി.
2008 ലെ ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനി ബാംഗ്ലൂരിലെ ജയിലില്‍ കഴിയുകയാണ് ഇപ്പോള്‍.
Discussion about this post