ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ചവാന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വ്യക്തമാക്കിയത്. അതേസമയം ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ പാചക വാതക സബ്‌സിഡി നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. ആധാര്‍ കാര്‍ഡിന് നിയമപരിരക്ഷ നല്‍കുന്നതിനായുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
ആധാര്‍ കാര്‍ഡില്ലാത്ത ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറേ നല്‍കാന്‍ കഴിയൂ എന്നാണ് സര്‍ക്കാരിന്റെ വാദം. നിലവില്‍ 75 ശതമാനം ഗുണഭോക്താക്കളും ആധാര്‍ കാര്‍ഡെടുത്തെന്നും കോടതി വിധി പാചക വാതക വിതരണം തടസ്സപ്പെടുത്തുമെന്നും എണ്ണകമ്പനികള്‍ വാദിച്ചു. അര്‍ഹരായവര്‍ക്ക് സബ്‌സ്ഡി വിതരണം ചെയ്യുന്നതിനും ക്രമക്കേട് ഒഴിവാക്കുന്നതിനും ആധാര്‍ മാത്രമാണ് പോംവഴിയെന്നായിരുന്നു സര്‍ക്കാരിന്റെയും എണ്ണ കമ്പനികളുടെയും വാദം.
എന്നാല്‍ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് ചോദിച്ച കോടതി ഇടക്കാല ഉത്തരവ് തുടരുമെന്നും വ്യക്തമാക്കി. സര്‍ക്കാരിന്റെ വാദം ഒക്ടോബര്‍ മൂന്നാം വാരം ആധാറിനെതിരായ ഹര്‍ജികള്‍ക്ക് ഒപ്പമേ പരിഗണിക്കാന്‍ കഴിയൂ എന്നും കോടതി അറിയിച്ചു.














Discussion about this post