തൃശൂര്‍: കേരള കലാമണ്ഡലം 2012 ലെ ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു. വൈസ് ചാന്‍സലര്‍ പി.എസ്. സുരേഷ് ചെയര്‍മാനായും പന്തളം സുധാകരന്‍ വൈസ് ചെയര്‍മാനായും, മടവൂര്‍ വാസുദേവന്‍ നായര്‍, ഡോ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി, കലാമണ്ഡലം സത്യഭാമ, വാസന്തി മേനോന്‍, പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഫെലോഷിപ്പും അവാര്‍ഡുകളും എന്‍ഡോവ്മെന്റുകളും നിര്‍ണയിച്ചത്.
കലാമണ്ഡലം വാര്‍ഷികത്തോടുബന്ധിച്ച് 2013 നവംബര്‍ 9ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഫെലോഷിപ്പുകള്‍ വിതരണം ചെയ്യും. ഇനി പറയുന്നവര്‍ക്കാണ് ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് ലഭിച്ചിരിക്കുന്നത്. ഫെലോഷിപ്പ്-സദനം കൃഷ്ണന്‍കുട്ടി, കലാരത്നം-ചവറ പാറുക്കുട്ടി, കഥകളി വേഷം-കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, കഥകളി സംഗീതം-കലാമണ്ഡലം പി.ജി. രാധാകൃഷ്ണന്‍, ചെണ്ട -കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, മദ്ദളം-കലാനിലയം ബാബു, ചുട്ടി-കോട്ടയ്ക്കല്‍ ബാലകൃഷ്ണന്‍, തിമില-കലാമണ്ഡലം ശ്രീധരന്‍ നമ്പീശന്‍, നൃത്തം -കലാമണ്ഡലം വിജയാമുകുന്ദന്‍, കൃഷ്ണാട്ടം-പി. ദാമോദരന്‍ നായര്‍, തുള്ളല്‍ -താമരക്കുടി കരുണാകരന്‍ മാസ്റര്‍, കലാഗ്രന്ഥം-ഡോ. ശ്രീകുമാര്‍, യുവപ്രതിഭ അവാര്‍ഡ്-കലാമണ്ഡലം വൈശാഖ്, മുകുന്ദരാജ സ്മൃതി പുരസ്കാരം-ഡോ. കല്‍പ്പറ്റ ബാലകൃഷ്ണന്‍, ഡോ.വി.എസ്. ശര്‍മ്മ എന്‍ഡോവ്മെന്റ് -ഡോ. രാജശ്രീ വാര്യര്‍, ഭാഗവതര്‍ കുഞ്ഞുണ്ണിത്തമ്പുരാന്‍ എന്‍ഡോവ്മെന്റ്-ഡോ. ഏറ്റുമാനൂര്‍.പി.കണ്ണന്‍.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയുമടങ്ങുന്നതാണ് ഫെലോഷിപ്പ്. 10,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്നതാണ് കലാരത്നം. 15,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്നതാണ് കലാമണ്ഡലം അവാര്‍ഡുകള്‍. രൂപയും പൊന്നാടയുമടങ്ങുന്നതാണ് യുവപ്രതിഭ അവാര്‍ഡ്. ഈ അവാര്‍ഡ് കലാമണ്ഡലം ആദ്യമായാണ് നല്‍കുന്നത്. 5000 രൂപയും ഫലകവും പൊന്നാടയുമടങ്ങുന്നതാണ് മുകുന്ദരാജ സ്മൃതി പുരസ്കാരം. 3000 രൂപ വീതമാണ് മറ്റ് എന്‍ഡോവ്മെന്റുകള്‍ക്ക് നല്‍കുന്നത്.
Discussion about this post