പാട്‌ന: ബോധ്ഗയയിലെ മഹാബോധി ബുദ്ധ ക്ഷേത്രത്തിന്‍റെ താഴികക്കുടം മോടികൂട്ടുന്നതിനായി തായ്‌ലന്റില്‍ നിന്നുള്ള ഭക്തര്‍ സംഭാവന ചെയ്തത് 300 കിലോഗ്രാം സ്വര്‍ണ്ണം. 13 പെട്ടികളിലായി സ്വര്‍ണം അതീവ സുരക്ഷയോടെ ബോധ്ഗയയിലെത്തിച്ചു. മഹോബോധി ക്ഷേത്രത്തിന്റെ താഴികക്കുടം സ്വര്‍ണം പൊതിയുന്നതിനായാണിത്.
തായ്‌ലന്റ് രാജാവ് ഭൂമിബോല്‍ അതുല്യയുടെ ആഗ്രഹ പ്രകാരമാണ് മഹോബോധി ക്ഷേത്ര ഗോപുരത്തെ സ്വര്‍ണത്തില്‍ പൊതിയുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ഇതിനായി ശ്രമങ്ങളാരംഭിച്ചെങ്കിലും പുരാവസ്തു വകുപ്പില്‍ നിന്നുള്ള അനുമതി ലഭിക്കാന്‍ താമസിച്ചതാണ് പദ്ധതി നീളാനിടയാക്കിയത്.
ബാങ്കോക്കില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഇരുപതിലേറെ തായ്‌ലന്റ് കമാന്‍ഡോകളുടെ അകമ്പടിയോടെയാണ് രണ്ട് ദിവസം മുമ്പ് സ്വര്‍ണം ബോധ്ഗയയിലെത്തിച്ചത്. സുരക്ഷാ കമാന്‍ഡോകളും ശില്‍പികളുമടക്കം നാല്‍പത് പേരടങ്ങുന്ന സംഘമാണ് തായിലന്റില്‍ നിന്നും എത്തിയത്. തായിലന്റ് മുന്‍ ഉപ പ്രധാനമന്ത്രി ജനറല്‍ പ്രിഷയും സംഘത്തിലുണ്ട്. തായ്‌ലന്റില്‍ നിന്നുള്ള 24 കമാന്‍ഡോകള്‍ക്ക് പുറമെ ജില്ലാ ഭരണകൂടവും സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ട്. ക്രെയിംഗ് തവോണ്‍ കണ്ടൈനേഴ്‌സ് കമ്പനിക്കാണ് നിര്‍മാണ ചുമതല. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ബോധ്ഗയ ക്ഷേത്ര സമിതി സെക്രട്ടറി എന്‍. ദോര്‍ജി വ്യക്തമാക്കി. സ്വര്‍ണപ്പണികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. ഒന്നര മാസത്തിനകം മോടിപിടിപ്പിക്കല്‍ പണികള്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് ക്ഷേത്ര സമിതി കരുതുന്നത്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മവീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. എ.ഡി അഞ്ചാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനുമിടയിലാണ് മഹാബോധി ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ശ്രീബുദ്ധന് ബോധോദയം ലഭിച്ചെന്ന് വിശ്വസിക്കപ്പെടുന്ന ബോധി വൃക്ഷത്തിന് സമീപമാണ് ക്ഷേത്രം. കഴിഞ്ഞ ജൂലായില്‍ ബോംബ് സ്‌ഫോടത്തിന് ക്ഷേത്രം ഇരയായിരുന്നു. തീവ്രത കുറഞ്ഞ സ്‌ഫോടനമായതിനാല്‍ ക്ഷേത്രത്തിന് കേടുപാടുകളോന്നും പറ്റിയിരുന്നില്ല.













Discussion about this post