ഭോപ്പാല്‍: മധ്യപ്രദേശ്, മിസോറാം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മധ്യപ്രദേശില്‍ 230ഉം മിസോറാമില്‍ 40ഉം സീറ്റുകളിലേക്കാണ് വോട്ടര്‍മാര്‍ വിധിയെഴുതുന്നത്. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ മിസോറാമില്‍ കോണ്‍ഗ്രസും മിസോറാം ജനാധിപത്യ സഖ്യവും തമ്മിലാണ് മത്സരം. 53,896 പോളിംങ് ബൂത്തുകളില്‍ നിന്നായി നാല് കോടിയിലധികം വരുന്ന വോട്ടര്‍മാരാണ് മധ്യപ്രദേശില്‍ ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുക. 230 മണ്ഡലങ്ങളില്‍ 2583 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഭുധനിക്ക് പുറമെ വധിഷയിലും ജനവിധി തേടുന്നു. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ കൗര്‍, പ്രതിപക്ഷ നേതാവ് അജയ്‌സിംഗ, ബിജെപി എംപി യശോധര രാജ സിന്ധ്യേ, മുന്‍ കേന്ദ്ര മന്ത്രി സുരേഷ് പച്ചോരി, കോണ്‍ഗ്രസ്സ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ മകന്‍ ജയവര്‍ദ്ധന്‍ സിംഗ് എന്നിവരാണ് മത്സര രംഗത്തുളള പ്രമുഖര്‍. നെക്‌സല്‍ ബാധിത മേഖലകളടങ്ങിയ എട്ട് ജില്ലകളില്‍ കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. മിസോറാമില്‍ നാല്‍പത് സീറ്റിലേക്കുളള തെരഞ്ഞെടുപ്പില്‍ 142 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ഭരണ കക്ഷിയായ കോണ്‍ഗ്രസ്സും മിസോ നാഷണല്‍ ഫ്രണ്ടും നയിക്കുന്ന മിസോറാം ജനാധിപത്യ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. അക്രമണ സാധ്യത നിലനില്‍ക്കുന്ന 33 പോളിംഗ് സ്‌റ്റേഷനുകള്‍ കര്‍ശന സുരക്ഷാ വലയത്തിലാണ്.
Discussion about this post