കൊച്ചി: ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്റ് ബില്‍ നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സേവനം നല്‍കുന്നതിലും അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്നതിലും സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളും ക്ളിനിക്കുകളും പുലര്‍ത്തേണ്ട നിലവാരം ഉറപ്പാക്കുന്നതാണു ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്റ് ബില്‍.
ലിസി ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍ അസോസിയേഷന്‍സിന്റെ നാലാമത് വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉന്നത നിലവാരത്തിലുള്ള ആരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ആരോഗ്യരംഗത്തു കേരളത്തിനു മുന്നേറാന്‍ സാധിച്ചതു സര്‍ക്കാരിനോടൊപ്പം സ്വകാര്യമേഖലയുടെ സാന്നിധ്യമുണ്ടായതുകൊണ്ടാണ്. ഇന്ത്യയില്‍ മറ്റേതു സംസ്ഥാനത്തെക്കാളും മികച്ച ആയുര്‍ദൈര്‍ഘ്യമാണ് ഇന്നു കേരളത്തിലുള്ളത്. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം ഇവിടെ 74 വയസാണ്. ശിശുമരണ നിരക്ക് കുറയ്ക്കാനും സംസ്ഥാനത്തിനു സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്തു സര്‍ക്കാരിന്റെയും സ്വകാര്യമേഖലയുടെ കൂട്ടായ്മ തുടരും. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്കു സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും. സ്വകാര്യ ആശുപത്രികളുടെ സംരക്ഷണത്തിനായി പുതിയ ബില്‍ പാസാക്കിയതായി മന്ത്രി പറഞ്ഞു. ആശുപത്രികള്‍ക്കെതിരേയുള്ള അക്രമ സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കു മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയും നഷ്ടപരിഹാരത്തുക ഈടാക്കുന്നതുമാണു ബില്ല്. രണ്ടു മാസത്തിനകം ബില്‍ നിയമമാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാനും ലിസി ആശുപത്രി ഡയറക്ടറുമായ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍ അസോസിയേഷന്‍സ് ചെയര്‍പേഴ്സണ്‍ ഡോ.എം.സി. സിറിയക്, ജനറല്‍ കണ്‍വീനര്‍ ഡോ. പി.കെ. മുഹമ്മദ് റഷീദ് എന്നിവര്‍ പങ്കെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ കേരള വാറ്റ് നിയമവും അനുബന്ധ പ്രശ്നങ്ങളും പുതുക്കിയ മിനിമം വേജസ് എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.
കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍ അസോസിയേഷന്‍സിന്റെ പുതിയ ചെയര്‍പേഴ്സണായി ലിസി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ സ്ഥാനമേറ്റു.
Discussion about this post