ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. ജുവനൈല്‍ ശിക്ഷാനിയമവും പ്രതിക്ക് മൂന്ന് വര്‍ഷം ശിക്ഷ നല്‍കിയ ജുവനൈല്‍ ബോര്‍ഡിന്റെ വിധിയും റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതിക്ക് മാത്രമാണ് തങ്ങളുടെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്ന ആനുകൂല്യം ലഭ്യമാക്കാന്‍ പ്രതിക്ക് അര്‍ഹതയില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ പ്രതിയെ നല്ലനടപ്പിനായി മൂന്ന് വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കയക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചിരുന്നു. കുട്ടിക്കുറ്റവാളികള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷയാണ് പ്രതിക്ക് ബോര്‍ഡ് നല്‍കിയത്. ബലാല്‍സംഗം, മോഷണം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് ഇയാളാണെന്നായിരുന്നു പോലീസിന്റെ വാദം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ 23കാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി 13 ദിവസങ്ങള്‍ക്കു ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച് മരിച്ചു. കേസില്‍ മൊത്തം അഞ്ചു പ്രതികളാണുള്ളത്. മറ്റു നാല് പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.













Discussion about this post