ന്യൂഡല്‍ഹി: വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലക്ക് ഭാരതത്തിന്‍റെ ആദരസൂചകമായി അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മണ്ടേലക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. മാനവികതയുടെ യഥാര്‍ത്ഥമുഖമാണ് മണ്ഡേലയെന്നും ഇന്ത്യയുടെ എക്കാലത്തേയും സുഹൃത്തായിരുന്നു അദ്ദേഹമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വരും തലമുറകയ്ക്കുള്ള പ്രചോദനമാണ് മണ്ഡേലയുടെ ജീവിതവും ആശയവും എന്ന് അനുശോചന സന്ദേശത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. യഥാര്‍ത്ഥ ഗാന്ധിയനെയാണ് നഷ്ടമായതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
ചരിത്രം സൃഷ്ടിച്ച ഒരാളാണ് മണ്ടേലയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അനുസ്മരിച്ചു. പ്രശ്‌നബാധിത ലോകത്തെ ദിശാ നക്ഷത്രമാണ് മണ്ടേലയെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
27 വര്‍ഷം നീണ്ട തടവറ ജീവിതത്തിന് ശേഷം മോചിതനായ മണ്ടേല ആദ്യം സന്ദര്‍ശിച്ച വിദേശരാജ്യം ഇന്ത്യയായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളെ ജീവിതത്തില്‍ കൂടെകൂട്ടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഇന്ത്യയേയും ഹൃദയത്തോട് ചേര്‍ത്ത് വെച്ചു. 1990ല്‍ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.
Discussion about this post