തിരുവനന്തപുരം: തലസ്‌ഥാനത്തു എട്ടു ദിവസമായി നടക്കുന്ന ചലച്ചിത്ര വസന്തത്തിനു ഇന്നു തിരശ്ശീലവീഴും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്നു വൈകുന്നേരം മികച്ച ചിത്രങ്ങള്‍ക്കുള്ള സുവര്‍ണ, രജതചകോരങ്ങള്‍ പ്രഖ്യാപിക്കുന്നതോടെ പതിനഞ്ചാമതു രാജ്യാന്തര ചലച്ചിത്രോല്‍സവത്തിനു സമാപനം കുറിക്കും.
വൈകിട്ട് ആറിനു ചേരുന്ന ചടങ്ങില്‍ മന്ത്രി എം.എ. ബേബിയാണു സുവര്‍ണ ചകോരം സമ്മാനിക്കുക. പ്രശസ്‌ത സംവിധായകന്‍ മണിരത്‌നവും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയും മുഖ്യാതിഥികളായിരിക്കും. മന്ത്രി എം. വിജയകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി സി. ദിവാകരന്‍ പ്രേക്ഷക അവാര്‍ഡ് വിതരണം ചെയ്യും. ഇക്കൊല്ലം മുതല്‍ അവാര്‍ഡ് തുക വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മികച്ച ചിത്രത്തിനു 15 ലക്ഷം രൂപയാണു ലഭിക്കുക.
പുരസ്‌കാരം നേടിയ ചിത്രം സമാപനച്ചടങ്ങിനു ശേഷം പ്രദര്‍ശിപ്പിക്കും. എട്ടു ദിവസം കൊണ്ട് 203 ചിത്രങ്ങളാണു പ്രേക്ഷകര്‍ക്കു ദൃശ്യാനുഭവങ്ങള്‍ പകര്‍ന്നുനല്‍കിയത്. പതിനായിരത്തിലേറെ പ്രതിനിധികള്‍ക്കു പുറമെ ആയിരത്തോളം മാധ്യമപ്രവര്‍ത്തകരും മേളയ്‌ക്കെത്തി. വിഖ്യാത ജര്‍മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗിന്റെ സാന്നിധ്യമായിരുന്നു മേളയുടെ പ്രത്യേകത. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിനു ലോകമെമ്പാടുമുള്ള അംഗീകാരത്തിന്റെ സൂചന കൂടിയായിരുന്നു ഹെര്‍സോഗിന്റെ സാന്നിധ്യം. വിദേശത്തു നിന്നുള്ള 70 ചലച്ചിത്ര പ്രതിഭകള്‍ ഉള്‍പ്പെടെ 120 ചലച്ചിത്രകാരന്മാര്‍ മേളയില്‍ പങ്കെടുക്കാനെത്തി.
അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവവുമെല്ലാം ബുദ്ധിമുട്ടിച്ചുവെങ്കിലും പ്രതിനിധികളും ചലച്ചിത്രകാരന്മാരും മേളയെ ആഘോഷമാക്കി മാറ്റി. മികച്ച ചിത്രങ്ങള്‍ അടങ്ങുന്ന പ്രത്യേക പാക്കേജുകളും ലോകസിനിമാ വിഭാഗവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മല്‍സര വിഭാഗം ഇത്തവണ പതിവു നിലവാരത്തിലേക്ക് ഉയര്‍ന്നില്ലെന്നു പരാതിയുണ്ട്.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 14 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. ആഫ്രോ അമേരിക്കന്‍ സംവിധായിക ജൂലി ഡാഷിന്റെ അധ്യക്ഷതയിലുള്ള ജൂറി, സുവര്‍ണ, രജത ചകോരങ്ങള്‍ ആര്‍ക്കൊക്കെ സമ്മാനിക്കണമെന്നു നിശ്‌ചയിക്കും. ചലച്ചിത്ര പ്രവര്‍ത്തകരായ അപിചാറ്റ് പോങ്, എര്‍മെക് ഷിനര്‍ബയേഫ്, മരിയ നൊവറ, സുനി താരപൂര്‍വാല എന്നിവരാണു ജൂറി അംഗങ്ങള്‍. ഇവര്‍ക്കു പുറമെ നെറ്റ്‌പാക് അവാര്‍ഡ്, ഫിപ്രസ്സി അവാര്‍ഡ്, ഹസന്‍കുട്ടി അവാര്‍ഡ് എന്നിവ നിശ്‌ചയിക്കുന്നതിനായി പ്രത്യേകം മൂന്നു ജൂറികള്‍ കൂടിയുണ്ട്.
Discussion about this post