ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കില്ല എന്ന് ബിജെപിയും ആംആദ്മിയും പ്രസ്താവനയിറക്കിയ സാഹചര്യത്തില്‍ എഎപി ക്യാമ്പില്‍ നിന്നും ഭിന്നാഭിപ്രായങ്ങള്‍ പുറത്തുവരുന്നു. തങ്ങളുടെ നിലപാടുകള്‍ അംഗീകരിച്ചാല്‍ ബിജെപിയെ പുറത്തു നിന്നു പിന്തുണയ്ക്കാമെന്നാണ് എഎപി നേതാവ് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചത്. ഈ മാസം 29നു മുമ്പ് ജനലോക്പാല്‍ അംഗീകരിക്കണം, താഴേത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജനസഭകള്‍ രൂപീകരിക്കണം എന്നാണ് എഎപിയുടെ വാദം. എഎപി തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഡല്‍ഹിയില്‍ നടന്ന എഎപി യോഗത്തിലാണ് ഈ നിര്‍ദേശം പുറത്തുവന്നത്. യോഗത്തില്‍ മിക്ക എംഎല്‍എമാരും ബിജെപിക്ക് പുറത്തുനിന്ന് പിന്തുണ നല്കുന്നതില്‍ കുഴപ്പമില്ല എന്ന നിലപാടാണുള്ളത്. വിലക്കയറ്റം, വൈദ്യുതി ചാര്‍ജ് വര്‍ധനവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് എഎപി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വിരുദ്ധ തരംഗം ഇളക്കിവിട്ടത്. കോണ്‍ഗ്രസിനെ അധികാരത്തിനു പുറത്തിരുത്താന്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് എഎപി ക്യാമ്പില്‍ മുഴങ്ങിയത്.













Discussion about this post