റാന്നി: ശബരിമല തീര്‍ഥാടകര്‍ക്ക് സസ്യാഹാരം എന്ന പേരില്‍ ഇറച്ചി കലര്‍ന്ന ഭക്ഷണം നല്‍കിയ ബേക്കറി ഉടമയുടെ നടപടിയില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തര്‍ കട ഉപരോധിച്ചു. ഇറച്ചികലര്‍ന്ന കട്‌ലെറ്റ് വെജിറ്റബിളാണെന്ന് ഉറപ്പിച്ചുപറഞ്ഞ് നല്‍കുകയായിരുന്നുവെന്ന് തീര്‍ഥാടകര്‍ പറഞ്ഞു. ഇവരുടെ പരാതിയെത്തുടര്‍ന്ന് സ്‌പെഷല്‍ സ്‌ക്വാഡും ഫുഡ് ഇന്‍സ്‌പെക്ടറും പരിശോധന നടത്തി.
തിരുവനന്തപുരം നെടുമങ്ങാട് വിതുരയില്‍നിന്ന് 89 പേരടങ്ങുന്ന തീര്‍ഥാടകസംഘം തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് കടയിലെത്തിയത്. ഈ സംഘത്തിലെ രണ്ടുപേര്‍ക്കാണ് ഇറച്ചികലര്‍ന്ന കട്‌ലറ്റ് ലഭിച്ചത്. സംശയം തോന്നിയ അയ്യപ്പഭക്തര്‍ പലതവണ ചോദിച്ചപ്പോഴും വെജിറ്റബിളാണെന്ന് ഉടമയായ ബേബി അറിയിച്ചതായും ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിച്ചുതുടങ്ങിയപ്പോഴാണ് ഇറച്ചി ചേര്‍ന്ന കട്‌ലറ്റാണെന്ന് മനസ്സിലായത്. സംഭവമറിഞ്ഞ് വിവിധ ഹൈന്ദവസംഘടനാ ഭാരവാഹികളും നിരവധി പ്രവര്‍ത്തകരും തടിച്ചുകൂടി.
തുടര്‍ന്ന് റാന്നി സി.ഐ. ജെ.ഉമേഷ്‌കുമാര്‍, എസ്.ഐ. ലാല്‍ സി.ബേബി എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി കട താല്‍ക്കാലികമായി അടപ്പിച്ചു. . തീര്‍ഥാടകര്‍ക്ക് നല്‍കിയ കട്‌ലറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇത് പരിശോധനയ്ക്കായി ഫുഡ് സേഫ്റ്റിയുടെ പത്തനംതിട്ട ലാബിലേക്ക് അയച്ചതായി ഓഫീസര്‍ പി.ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.
Discussion about this post