ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യക്കു വിട്ടു കിട്ടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം ആവശ്യപ്പെട്ടതായി വിക്കിലീക്‌സ് രേഖ. എഫ്‌ബിഐ ഡയറക്‌ടര്‍ റോബര്‍ട്ട് മുല്ലറോടു ചിദംബരം നടത്തിയ സംഭാഷണങ്ങള്‍ ആണു വിക്കിലീക്‌സ് പുറത്തുവിട്ടത്. ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്‌ഥന് ഹെഡ്‌ലിക്കെതിരെ യുഎസില്‍ നടക്കുന്ന അന്വേഷണം നിരീക്ഷിക്കാന്‍ അവസരം ചോദിച്ച ചിദംബരം മുംബൈ ആക്രമണത്തിനു പിന്നില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മാത്രമല്ലെന്ന സംശയവും പ്രകടിപ്പിച്ചിരുന്നതായി വിക്കിലീക്‌സ് വെളിപ്പെടുത്തി.
മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാക്കിസ്‌ഥാന്‍ സംഘടനകളെ കുറിച്ചു ഹെഡ്‌ലി കൃത്യമായി വിവരം നല്‍കുന്നുണ്ടെന്ന് റോബര്‍ട്ട് മുല്ലര്‍ ചിദംബരത്തെ അറിയിച്ചെന്നും വിക്കിലീക്‌സിന്റെ രേഖയില്‍ പറയുന്നു. ഭീകരാക്രമണ കേസിലെ പ്രതികളെ ശിക്ഷിക്കാന്‍ പാക്കിസ്‌ഥാന്റെ ഭാഗത്തു നിന്നു യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും മുല്ലറുമായി നടത്തിയ സംഭാഷണത്തില്‍ ചിദംബരം വ്യക്‌തമാക്കി.
Discussion about this post