കൊച്ചി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്കും നാളെ മുതല്‍ സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ ലഭിക്കും. ഇതുസംബന്ധിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് വിതരണ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും ലഭിച്ചു. പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ രണ്ട് മാസം കൂടി സമയം അനുവദിക്കാന്‍ ഉന്നതതലയോഗം ഇന്നലെ തീരുമാനമെടുത്തതനുസരിച്ചാണിത്. ഈ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കും.
കേരളത്തില്‍ 90 ശതമാനത്തിലേറെ പേര്‍ ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ടെങ്കിലും 57 ശതമാനം പേര്‍ മാത്രമാണ് ഇവ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളത്. സബ്‌സിഡി ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രം അറിയിച്ചതോടെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് സംസ്ഥാനം 6 മാസത്തെ സമയം ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ പാചകവാതക സിലിണ്ടറുകളുടെ വിതരണം നിലച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സംസ്ഥാനത്ത് തുടരുകയാണ്. ഉദയംപേരൂര്‍, പാരിപ്പള്ളി, ചേളാരി എന്നിവിടങ്ങളില്‍ ബോട്ട്‌ലിങ്ങ് മുടങ്ങിക്കിടക്കുകയാണ്. ലോഡുകള്‍ ഇപ്പോഴും പ്ലാന്റുകളില്‍ കെട്ടിക്കിടക്കുകയാണ്.
പുതുവത്സര ദിനത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് എണ്ണക്കമ്പനികള്‍ പാചകവാതക വില കുത്തനെ കൂട്ടിയിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 230 രൂപ 16 പൈസയുടെ വര്‍ധനവാണ് വരുത്തിയത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ 385.95 രൂപയുടെ വര്‍ധന വരുത്തി. കൂട്ടിയ വിലയ്ക്ക് പാചകവാതകം വിതരണം ചെയ്തതിനെതിനെതിരെ ഉപഭോക്താക്കള്‍ രംഗത്തെത്തിയതോടെ ഏജന്‍സികള്‍ ഓര്‍ഡര്‍ നല്‍കാന്‍ വിസമ്മതിക്കുകയും ലോഡുകള്‍ എടുക്കാതിരിക്കുകയും ചെയ്തത് സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധിക്ക് കാരണമായി.
പുതുക്കിയ വില ചേര്‍ത്ത് സ്‌ഫോറ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. തിങ്കളാഴ്ചയോടു കൂടി ഇത് പാചകവാതക വിതരണം സാധാരണ നിലയിലാകുമെന്ന് വിതരണക്കാര്‍ അറിയിച്ചു.
Discussion about this post