റാഞ്ചി: ദേശീയ സ്‌കൂള്‍ മേളയിലെ സുവര്‍ണതാരം പി.യു ചിത്രയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അറിയിച്ചു. സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിനായി ഏറ്റവും അധികം സ്വര്‍ണം നേടിയ താരമാണ് പാലക്കാട് മുണ്ടൂര്‍ സ്‌ക്കൂളിന്റെ പി.യു ചിത്ര. നാലു വര്‍ഷമായി പെണ്‍കുട്ടികളുടെ ദീര്‍ഘദൂര മത്സരങ്ങളില്‍ ചിത്രയുടെ ആധിപത്യത്തിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്താന്‍ ആരും തന്നെ ഉണ്ടായിട്ടില്ല. ഈ വര്‍ഷത്തോടെ സ്‌കൂള്‍ കായിക മേളയില്‍ നിന്നും വിടപറയുന്ന ചിത്രയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ക്യാമ്പസില്‍ ചിത്രയ്ക്ക് പ്രവേശനം നല്‍കാമെന്നാണ് സായി വാഗ്ദാനം. ചിത്രയുടെ ഭാവി സുരക്ഷിതമാണെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയാല്‍ സായിയിലേക്ക് അയക്കുന്നതില്‍ സന്തോഷമാണുള്ളതെന്ന് പരിശീലകന്‍ സിജില്‍ പറഞ്ഞു.
മുമ്പും ചിത്രയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സായ് അറിയിച്ചിരുന്നെങ്കിലും ചിത്ര തയ്യാറായിരുന്നില്ല. റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ 3000, 1500 മീറ്ററുകളില്‍ സ്വര്‍ണം നേടിയ ചിത്ര 5000 മീറ്ററിലും സ്വര്‍ണം നേടി കഴിഞ്ഞവര്‍ഷം ഇറ്റാവയില്‍ നടത്തിയ പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
Discussion about this post