കൊച്ചി: നിര്‍ദ്ദിഷ്ട വിമാനത്താവളം ആറന്മുള ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിക്കുമെന്ന് ഹൈക്കോടതി അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്. വിമാനത്താവളം ഭാവിതലമുറയ്ക്ക് ഭീഷണിയാണെന്നും കുന്നുകളും പാടങ്ങളും ഇടിച്ചുനിരത്തുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത വയലുകള്‍ മണ്ണിട്ടു നികത്തിയാല്‍ അത് പരിസ്ഥിതി നാശത്തിന് വഴിവയ്ക്കും. ഇത്മൂലം പമ്പാനദിയില്‍ വെള്ളപ്പൊക്കമുണ്ടാകും. 300 പേജ് വരുന്നതാണ് കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
ക്ഷേത്രപരിസരത്തെ കുന്നുകള്‍ ഇടിക്കുന്നത് വിശ്വാസത്തിന് പോറലേല്‍പ്പിക്കും. ശബ്ദമലിനീകരണം ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സമാകും. കൊടിമരത്തില്‍ ചുവപ്പു ലൈറ്റ് ഘടിപ്പിക്കണമെന്ന നിര്‍ദേശം താന്ത്രിക ശാസ്ത്രത്തിന് എതിരാണ്. ഇത് ക്ഷേത്രത്തിന്റെ പരിപാവനതയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കെജിഎസ് ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നത് വിമാനത്താവളം ആറന്മുള ക്ഷേത്രത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ്. ക്ഷേത്രത്തിന്റെ പാരമ്പര്യവും പവിത്രതയും സംരക്ഷിക്കാന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെജിഎസ് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post