തിരുവനന്തപുരം: കര്‍ഷകര്‍ നേരിടുന്ന റബര്‍ വിലയിടിവ് പരിഹരിക്കാന്‍ വിപണിയില്‍നിന്ന് റബര്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റബറിന്റെ 2009 മുതല്‍ 2012 വരെയുള്ള വര്‍ഷങ്ങളിലെ ശരാശരി വിലയായ കിലോയ്ക്ക് 171 രൂപ എത്തുന്നതുവരെ റബര്‍ സംഭരിക്കും. റബര്‍ ബോര്‍ഡിന്റെ കോട്ടയം വിപണിയുടെ ദൈനംദിന വിലയില്‍ നിന്നും രണ്ടൂരൂപ കൂടുതല്‍ നല്‍കി ആര്‍എസ്എസ് 4 ഗ്രേഡിലുള്ള റബറാണ് കര്‍ഷകരില്‍നിന്നും സംഭരിക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ 10000 ടണ്‍ റബറും പിന്നീട് ആവശ്യാനുസരണം കൂടുതലും സംഭരിക്കും. സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (റബര്‍മാര്‍ക്ക്), മാര്‍ക്കറ്റ്‌ഫെഡ്, റബര്‍ ഉത്പാദക സംഘങ്ങള്‍, റബര്‍ ബോര്‍ഡിന്റെ കീഴിലുള്ള റബര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവയ്ക്കാണ് സംഭരണ ചുമതല. ഇവയ്ക്ക് കിലോക്ക് പരമാവധി നാലുരൂപ നിരക്കില്‍ കൈകാര്യച്ചെലവ് സര്‍ക്കാര്‍ നല്‍കും. ഇതിന്റെ നടത്തിപ്പിനായി സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏജന്‍സികളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. അഡ്വാന്‍സ്ഡ് ലൈസന്‍സിങ് പ്രകാരമുള്ള ഇറക്കുമതി ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. അതോടൊപ്പം, പ്രസ്തുത കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ സംഭരിക്കുന്ന സ്വാഭാവിക റബര്‍, ഇറക്കുമതി ചെയ്തിരുന്ന കമ്പനികള്‍ക്ക് ഇറക്കുമതി ചെയ്തിരുന്ന അതേ വിലയ്ക്ക് വില്‍ക്കും. വാറ്റിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തി. റബര്‍ കച്ചവടത്തില്‍ നിലവിലുള്ള അവധി വ്യാപാരം സംബന്ധിച്ച് റബര്‍ ബോര്‍ഡിന്റെ പഠനറിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും സര്‍ക്കാര്‍ തീരുമാനിച്ചു.
Discussion about this post