തിരുവനന്തപുരം : രാമജന്മഭൂമി സംബന്ധിച്ച യഥാര്‍ത്ഥ ചരിത്രസത്യത്തെ നിലനിര്‍ത്തി എന്നതാണ് അലഹബാദ് ഹൈക്കോടതി വിധിയുടെ പ്രാധാന്യമെന്ന് ലോകപ്രശസ്‌ത ഇന്‍ഡോളജിസ്റ്റ് ഡോ.കോണ്‍റാഡ് എല്‍സ്റ്റ്‌സ് പറഞ്ഞു. ചരിത്രപരവും പുരാവസ്‌തുപരവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്‌താവിച്ചത്. ഇത് ക്ഷേത്രനിര്‍മ്മിതിക്കെതിരെ വാദിക്കാനും തെളിവു ശേഖരിക്കാനും പുറപ്പെട്ടവര്‍ക്കുള്ള കനത്ത തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കൃതിഭവനില്‍ ഭാരതീയ വിചാരവേദിയുടെ പ്രതിമാസ പ്രഭാഷണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലേത് രാമന്റെ ജന്മസ്ഥലമാണെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയല്ലെന്ന് വിശ്വസിക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മുസ്ലീംങ്ങള്‍ കാഅബ പോലെ കോടിക്കണക്കിന് ഹിന്ദുക്കള്‍ അയോധ്യ രാമന്റെ ജന്മസ്ഥലമായാണ് കരുതുന്നത്. കാഅബ സംബന്ധിച്ച വിശ്വാസം തെളിയിച്ച ശേഷമേ ഹജ്ജ് കര്‍മ്മത്തിനു പോകുകയുള്ളുവെന്ന് ഒരു മുസ്ലീമും പറയുകില്ല. അതുപോലെ തന്നെയാണ് രാമന്റെ ജന്മസ്ഥലം സംബന്ധിച്ച് ഹിന്ദുക്കള്‍ക്ക് ആവശ്യമില്ലാത്തത്. എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കയിലെ 1989ലെ പതിപ്പില്‍ രാമജന്മഭൂമി സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും നിവാരണമുണ്ട്. ബാബര്‍ അവിടെയുണ്ടായിരുന്ന ക്ഷേത്രത്തിനു മേലാണ് പള്ളി സ്ഥാപിച്ചതെന്നാണ് അതില്‍ വ്യക്തമാക്കിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിജീവികളെന്നു നടക്കുന്ന ചിലരും ചില മാധ്യമപ്രവര്‍ത്തകരും മതേതരത്വത്വം അപകടത്തിലാണെന്ന മുറവിളി കൂട്ടിക്കൊണ്ട് ചരിത്രത്തെ നിഷേധിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ.സി.ജി.രാജഗോപാല്‍, ഡോ.കെ.യു.ദേവദാസ് എന്നിവരും സംബന്ധിച്ചു. ഡോ.മധുസൂദനന്‍പിള്ള സ്വാഗതവും സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
Discussion about this post