തിരുവനന്തപുരം: ഐക്കോണ്‍സ് ( ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്യൂണിക്കേറ്റീവ് ആന്‍ഡ് കൊഗ്‌നിറ്റീവ് ന്യൂറോ സയന്‍സസ്) പുതിയ ക്യാമ്പസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുലയനാര്‍കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. ഐക്കോണ്‍സില്‍ ഇന്‍ പേഷ്യന്റ് വാര്‍ഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രത്യേക തീരുമാനമെടുത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളെ ബാധിക്കുന്ന ഭാഷാപരമായ വൈകല്യങ്ങള്‍, ഓട്ടിസം, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍, ബുദ്ധി വികാസമില്ലായ്മ, മെറ്റബോളിക് ജനറ്റിക് ഡിസോര്‍ഡര്‍, നാഡീവ്യൂഹത്തിന്റെ അസാധാരണത്വം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍, അഫേഷ്യ, ഡെമന്‍ഷ്യ എന്നിവ ഐക്കോണ്‍സിന്റെ കീഴില്‍ ചികിത്സിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യും. മസ്തിഷ്‌ക നാഡീവ്യൂഹ സംബന്ധമായ വൈകല്യങ്ങള്‍, രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും ഗവേഷണത്തിനും സംവിധാനങ്ങളുള്ള രാജ്യത്തെ ഏക സ്ഥാപനമാണ് ഐക്കോണ്‍സ്. ജന്‍മനാ ഉള്ളതും അല്ലാത്തതുമായ ബുദ്ധിപരവും ഭാഷാപരവുമായ അസുഖങ്ങളായ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, പഠനവൈകല്യം മുതലായ രോഗങ്ങളും സാംക്രമികേതര മസ്തിഷ്‌ക- നാഡീവ്യൂഹ സംബന്ധമായ പക്ഷാഘാതം, മറവിരോഗം എന്നിവയും ശാസ്ത്രീയാടിസ്ഥാനത്തില്‍ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക എന്നതാണ് ഐക്കോണ്‍സിന്റെ ലക്ഷ്യം.
ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ അഡ്വ.കെ.ചന്ദ്രിക, എം.എ.വാഹിദ് എം.എല്‍.എ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജമീല, ഐക്കോണ്‍സ് ഡയറക്ടര്‍ ഡോ.പി.എ.സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post