കോട്ടയം: ഇടുക്കി മുന്‍ എംപിയും എഐസിസി അംഗവും കോണ്‍ഗ്രസിന്റെ ബുദ്ധിജീവി വിഭാഗമായ വിചാര്‍ വിഭാഗിന്റെ അഖിലേന്ത്യാ കണ്‍വീനറുമായിരുന്ന പാലാ കെ എം മാത്യു (83) അന്തരിച്ചു. കോട്ടയത്തെ വസതിയില്‍ രാവിലെ 7.30നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയില്‍.
പ്രസ് കൗണ്‍സില്‍ അംഗം, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, വൈദ്യുതി ബോര്‍ഡ് അംഗം, അഗ്രോമിഷനറി കോര്‍പറേഷന്‍ ചെയര്‍മാന്‍, ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റിയൂട്ട്‌് ചെയര്‍മാന്‍, കോട്ടയം ഡിസിസി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സ്‌ഥാപക കണ്‍വീനറായ പാലാ കെ. എം. മാത്യു പിന്നീട് യൂത്ത് കോണ്‍ഗ്രസ് ദേശീയ കൗണ്‍സില്‍ അംഗവുമായി. ഒരു വ്യാഴവട്ടത്തിലേറെ മലയാള മനോരമ പത്രാധിപസമിതി അംഗവും അഖില കേരള ബാലജനസഖ്യത്തില്‍ ശങ്കരച്ചേട്ടന്റെ പ്രതിനിധിയുമായിരുന്നു. തേവര എസ്. എച്ച്, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് കോളജുകളില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എറണാകുളം ഗവ. ലോ കോളജില്‍ ചെയര്‍മാനുമായിരുന്നു.
ചിന്താശകലങ്ങള്‍, ഉള്‍പ്പൊരുള്‍, ഞങ്ങളുടെ ഒരു കൊച്ചു ജീവിതം എന്നീ പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്. 1927 ജനുവരി 11ന് പാലായില്‍ ജനിച്ച അദ്ദേഹം എറണാകുളം ലോ കോളജില്‍ നിന്ന് നിയമബിരുദം നേടി. കോട്ടയം കിഴക്കയില്‍ കുടുംബാംഗമാണ്. മുന്‍ മധ്യപ്രദേശ് ഗവര്‍ണര്‍ പ്രഫസര്‍ കെ. എം. ചാണ്ടി സഹോദരനാണ്. മീനച്ചില്‍ വടക്കേമുറിയില്‍ മേരിയമ്മയാണ് ഭാര്യ.
Discussion about this post