തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ രാവിലെ പത്തരയോടെ സിടി സ്‌കാനിങ്ങിനു വിധേയനാക്കി. സിടി സ്‌കാനിങ്ങില്‍ അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്‌തതടസം കണ്ടെത്തി. ഇതാണ് നേരത്തെ പക്ഷാഘാതമുണ്ടാകാന്‍ കാരണമായത്. ഇതു മാരകമാണെന്ന് അനന്തപുരി ആശുപത്രി ഡോക്‌ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. രക്‌തസമ്മര്‍ദവും ഹൃദയമിടിപ്പും മരുന്നുകളുടെ സഹായത്തോടെ നിലനിര്‍ത്തുന്നു.
ഈ മാസം 10നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാകരന്‍ സുഖം പ്രാപിച്ചു വരുമ്പോഴാണ് അപ്രതീക്ഷിതമായി വീണ്ടും നില വഷളായത്. അദ്ദേഹത്തിനു രണ്ടുതവണ പക്ഷാഘാതമുണ്ടായി. രണ്ടു ദിവസം മുമ്പായിരുന്നു ആദ്യത്തേത്. ചൊവ്വാഴ്‌ച വീണ്ടും ഉണ്ടായി. ഫിസിയോതെറപ്പി ഘട്ടത്തില്‍ കൈകാലുകള്‍ വേണ്ടവിധം ചലിക്കാത്തതാണു സംശയമുണ്ടാക്കിയത്. പിന്നീടു പക്ഷാഘാതമാണെന്നു ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിച്ചു. ഇന്നലെ രാവിലെ ശ്വാസതടസ്സം കൂടി. ശ്വാസകോശത്തിലേക്കുള്ള ഹൃദയപേശികളുടെ പ്രവര്‍ത്തനം തീര്‍ത്തും മോശമായി. രക്‌തത്തിലെ ഓക്‌സിജന്റെ അളവിലും കാര്യമായ കുറവുണ്ട്.
Discussion about this post