ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ അമിക്കസ് ക്യൂറി ലംഘിച്ചതായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം. പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറാണ് അമിക്കസ് ക്യൂറിക്കെതിരായി സത്യവാങ്മൂലം നല്‍കിയത്. ഭഗവാന്‍ ഉറങ്ങുന്ന സമയത്ത് പൂജനടത്തിയെന്നതാണ് അമിക്കസ് ക്യൂറിക്കെതിരായ പ്രധാന ആരോപണം. ആചാരങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടും പൂജനടത്തിയതായി പറയുന്നു. നേരത്തെ രാജകുടുംബവും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്നാണ് രാജകുടുംബം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. എന്നാല്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പ്രകാരമുള്ള ശിപാര്‍ശകളില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുതന്നെയുണ്ടാവുമെന്നാണ് അറിയുന്നത്. ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമായും ആറ് ശിപാര്‍ശകളാണ് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ഗൌരവമേറിയതാണന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. മുഴുവന്‍ നിലവറകളും പൂട്ടി താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്നും ക്ഷേത്രഭരണത്തില്‍ നിന്ന് രാജകുടുംബത്തെ പൂര്‍ണമായും ഒഴുവാക്കണമെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്.













Discussion about this post